കോളിളക്കം സൃഷ്ടിച്ച ജിഷ കൊലക്കേസിന് ഇന്ന് ഒരു വയസ്സ്

Share on Facebook
Tweet on Twitter

കൊച്ചി(big14news.com):കോളിളക്കം സൃഷ്ടിച്ച ജിഷ കൊലക്കേസിന് ഇന്ന് ഒരു വയസ്സ്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 28ന് രാത്രിയിലാണ് നിയമ വിദ്യാര്‍ത്ഥിനിയായ ജിഷ ക്രൂരമായ ആക്രമണത്തിനിരയായി കൊല്ലപ്പെട്ടത്. കേരള രാഷ്ട്രീയത്തിലും വന്‍ വിവാദത്തിനിടയാക്കിയ കേസ് ,സംസ്ഥാന പൊലീസ് മേധാവിയുടെ കസേര തെറിക്കുന്നതിന് വരെ കാരണമായി.

പെരുമ്പാവൂര്‍ ഇരിങ്ങോളിലെ ഒറ്റമുറി വീട്ടില്‍ രാത്രി എട്ടരയോടെയാണ് ജിഷയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തുടക്കത്തിലേ കേസിന്റെ ഗൗരവം മനസ്സിലാക്കുന്നതില്‍ പരാജയപ്പെട്ട ലോക്കല്‍ പൊലീസിന് ഏറെ പഴി കേള്‍ക്കേണ്ടി വന്നു.

സംഭവം വിവാദമായതോടെ അന്നത്തെ സംസ്ഥാന പൊലീസ് മേധാവി ടി.പി. സെന്‍കുമാര്‍ പ്രത്യേക സംഘത്തെ അന്വേഷണത്തിന് നിയോഗിച്ചു. പ്രതിയെക്കുറിച്ച് ഒരു സൂചന പോലും കണ്ടെത്താന്‍ ഈ സംഘത്തിന് കഴിഞ്ഞില്ല.

കൊലയ്ക്ക് പിന്നിലെ ഉത്തരവാദി എന്ന നിലയില്‍ മുതിര്‍ന്ന രാഷ്ട്രീയ നേതാക്കൾക്കെതിരെ വരെ ആരോപണം ഉയര്‍ന്നു. തൊട്ടു പിന്നാലെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊലപാതകം വലിയ ചര്‍ച്ചാ വിഷയമായി. അധികാരത്തിലെത്തിയ സര്‍ക്കാര്‍ ആദ്യം ചെയ്തത് ജിഷ കൊലക്കേസിലുള്‍പ്പെടെ വീഴ്ച വരുത്തി എന്നാരോപിച്ച് ടി പി സെന്‍കുമാറിന് സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്ത് നീക്കുകയായിരുന്നു.

തുടര്‍ന്ന് അധികാരമേറ്റ ലോക്‌നാഥ് ബെഹ്‌റ, പുതിയ സംഘത്തെ അന്വേഷണത്തിന് നിയോഗിച്ചു. കേസിലെ പ്രതിയായ അമീറുല്‍ ഇസ്ലാമിനെ അധികം വൈകാതെ പിടികൂടിയെങ്കിലും കേസിനെക്കുറിച്ച് ദുരൂഹതകള്‍ ഇനിയും നീങ്ങിയിട്ടില്ല. ഇപ്പോള്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ വിചാരണ പുരോഗമിക്കുകയാണ്.

195 സാക്ഷികളുള്ള കേസില്‍ 13 പേരെ വിസ്തരിച്ചു. അടുത്ത ഓഗസ്‌റ്റോടെ വിചാരണ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. കേസിന്റെ പേരില്‍ കസേര തെറിച്ച ടി പി സെന്‍കുമാര്‍ സുപ്രീം കോടതി വരെ നിയമയുദ്ധം നടത്തി അതേ കസേരയില്‍ തിരിച്ചെത്തുകയും ചെയ്തു.