ലഹരി ഉപയോഗം;മാതാപിതാക്കള്‍ക്ക് പത്ത് നിര്‍ദ്ദേശങ്ങള്‍ നല്‍കി ഋഷിരാജ് സിങ്

Share on Facebook
Tweet on Twitter

കേരളം(big14news.com): മക്കള്‍ ലഹരി ഉപയോഗിക്കുന്നുണ്ടോയെന്ന് സംശയമുള്ള മാതാപിതാക്കള്‍ക്കായി എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ് 10 നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിച്ചു.ലഹരിക്ക് അടിമയായ അയല്‍വാസി കുത്തിക്കൊലപ്പെടുത്തിയ സ്കൂള്‍ വിദ്യാര്‍ത്ഥി റിസ്റ്റിയുടെ സ്മരണാര്‍ഥം ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഏര്‍പ്പെടുത്തിയ പ്രഥമ പുരസ്ക്കാരം ഏറ്റുവാങ്ങിക്കൊണ്ട് സംസാരിക്കുകയായിരുന്നു ഋഷിരാജ് സിങ്.

നിര്‍ദ്ദേശങ്ങള്‍ ചുവടെ

1. എല്ലാ ദിവസവും അഞ്ചു മിനിറ്റ് എങ്കിലും മക്കള്‍ക്കൊപ്പം സമയം ചിലവഴിച്ചു തുറന്നു സംസാരിക്കുക.
2. സ്കൂള്‍ വിട്ടു വന്നാല്‍ ഓടിയെത്തി അമ്മയെ കെട്ടിപ്പിടിക്കുന്ന കുട്ടി പതിവ് തെറ്റിച്ചാല്‍ സംശയിക്കണം.
3. അകത്തു നിന്നു കുറ്റിയിട്ട മുറിക്കുള്ളില്‍ അധിക നേരം ചിലവഴിക്കുന്നുണ്ടോയെന്ന് പരിശോധിക്കണം.
4. വസ്ത്രത്തിനോ,സ്കൂള്‍ ബാഗിനോ അസാധാരണമായ ഗന്ധമുണ്ടോയെന്ന് പരിശോധിക്കണം.
5. വീട്ടിലെത്തിയാല്‍ കുട്ടിയുടെ നടപ്പും ഇരിപ്പും ഒറ്റയ്ക്കാണെങ്കില്‍ ശ്രദ്ധിക്കണം.
6. കാരണമില്ലാതെ ദേഷ്യപ്പെടുകയോ, അക്രമാസക്തനാവുകയോ ചെയ്യുന്നുവെങ്കില്‍ ശ്രദ്ധവെയ്ക്കണം.
7. മറ്റു കുട്ടികളുമായി താരതമ്യപ്പെടുത്തി സംസാരിക്കുകയോ, ഗുണമില്ലാത്തവനെന്നു കുറ്റപ്പെടുത്തി അഭമാനിക്കുകയോ ചെയ്യരുത്.
8. കുട്ടിയുടെ അധ്യാപകരുമായും അവന്റെ നല്ല സുഹൃത്തുക്കളുമായും ഇടക്കിടെ ബന്ധപ്പെട്ടു വിവരങ്ങള്‍ തിരക്കണം.
9. കുട്ടി ലഹരിയുപയോഗിക്കുന്നുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ അക്കാര്യം ഒളിച്ചുവയ്ക്കാതെ തുറന്നു സംസാരിക്കുക.
10. ഡോക്ടറുടേയും മനഃശാസ്ത്രജ്ഞന്റെയും സഹായം തേടുക.