
ന്യൂഡൽഹി(big14news.com): ഭിന്നലിംഗ വിഭാഗക്കാര്‍ക്ക് സംവരണം ഏര്‍പ്പെടുത്താനുള്ള നീക്കത്തിന് പിന്തുണയുമായി പാര്‍ലമെന്‍ററി സമിതി.ഭിന്നലിംഗ വിഭാഗത്തില്‍ പെടുന്നവരെ പ്രത്യേക വിഭാഗമായി അംഗീകരിക്കുന്നതിനും അതിക്രമങ്ങള്‍ തടയുന്നതിനുമുള്ള അവകാശ സംരക്ഷണ ബില്‍ പരിശോധിക്കാന്‍ നിയോഗിച്ച സമിതിയുടേതാണ് ശുപാര്‍ശ.ലോക്സഭയാണ് സമിതിയെ നിയോഗിച്ചത്.
2011ലെ സെന്‍സസ് പ്രകാരം 6 ലക്ഷത്തോളം ഭിന്ന ലിംഗക്കാരാണ് രാജ്യത്തുള്ളത്. തൊഴിലില്ലായ്മ, ചികിത്സ, വിദ്യാഭ്യാസം എന്നീ മേഖലയില്‍ രൂക്ഷമായ വിവേചനമാണ് ഈ വിഭാഗക്കാര്‍ നേരിടുന്നത്.ഈ സാഹചര്യത്തിലാണ് ഭിന്ന ലിംഗക്കാരെ ന്യൂനപക്ഷ വിഭാഗമായി കണക്കാക്കി സംവരണം ഏര്‍പ്പെടുത്തണമെന്ന ആവശ്യം സാമൂഹ്യ നീതി വിഭാഗം മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ അറിയിച്ചത്.
മാന്യമായ ജീവിതം നയിക്കുന്നതിനുള്ള സാഹചര്യം ഒരുക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നായിരുന്നു ആവശ്യം.ഇക്കാര്യം പരിശോധിക്കാന്‍ നിയോഗിച്ച പാര്‍ലമെന്‍ററി സമിതി സംവരണം ഉള്‍പ്പെടെയുള്ള അവകാശങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.
തുടര്‍ നടപടിക്കായി പാര്‍ലമെന്‍ററി സമിതി ട്രാന്‍സ് ജെന്‍ഡര്‍ പേഴ്സന്‍ അവകാശ സംരക്ഷണ ബില്‍ 2016 പരിശോധിച്ച് വരികയാണ്. ഭിന്നലിംഗക്കാര്‍ രാജ്യത്തെ ന്യൂനപക്ഷ വിഭാഗമാണെന്നും അതിനാല്‍ സംവരണം നല്‍കേണ്ടതുണ്ടെന്നുമുള്ള വിലയിരുത്തലാണ് സമിതി നടത്തിയിരിക്കുന്നത്.