
ബെംഗളുരു(big14news.com): വടക്കന്‍ കര്‍ണാടകത്തിലെ ബെലഗാവിയില്‍ കുഴല്‍ക്കിണറില്‍ വീണ കാവേരിയെന്ന പെണ്‍കുട്ടിയെ രക്ഷിക്കാനുള്ള ശ്രമം പാഴായി.അപകടം നടന്ന് 56 മണിക്കൂര്‍ കഴിഞ്ഞിട്ടും കുട്ടിയെ പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ല.
കുഴലിലൂടെ പെണ്‍കുട്ടിക്ക് ഓക്‌സിജന്‍ നല്‍കിയുന്നെങ്കിലും സമയം നീണ്ടു പോയതോടെ പെണ്‍കുട്ടിയുടെ ജീവന്‍ നഷ്ടമാവുകയായിരുന്നു.ശനിയാഴ്ച വൈകുന്നേരമാണ് പെണ്‍കുട്ടി കുഴല്‍ക്കിണറില്‍ വീണത്.തിങ്കളാഴ്ച രാത്രി 11.30 ഓടെ കാവേരി മരിച്ചതായി രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു. മൃതദേഹം അത്താണി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ദേശീയ ദുരന്ത നിവാരസേനയുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു രക്ഷാപ്രവര്‍ത്തനം നടത്തിയത്. കുട്ടി കുടുങ്ങിക്കിടക്കുന്ന 30 അടി താഴ്ചയില്‍ സമാന്തരമായി കുഴിച്ച് കുട്ടിയെ പുറത്തെടുക്കാനുള്ള ശ്രമങ്ങളായിരുന്നു നടന്നത്.എന്നാല്‍ പാറക്കെട്ടുകള്‍ കുഴിക്കുന്നത് പ്രയാസമായതോടെ കുട്ടിയെ രക്ഷിക്കാനുള്ള ശ്രമം നീണ്ടു പോവുകയായിരുന്നു.
സഹോദരങ്ങള്‍ക്കും കൂട്ടുകാര്‍ക്കുമൊപ്പം കളിക്കുകയായിരുന്ന കാവേരി ശനിയാഴ്ച വൈകീട്ടാണ് ബെലഗാവി അത്താണി താലൂക്കിലെ ഉപയോഗശൂന്യമായ കുഴല്‍ക്കിണറില്‍ വീണത്.കര്‍ഷകനായ ശങ്കര്‍ ഹിപ്പരാഗി എന്നയാളുടെ സ്ഥലത്താണ് കുഴല്‍ക്കിണര്‍ സ്ഥിതി ചെയ്യുന്നത്.400 അടി താഴ്ചയുള്ള കുഴല്‍ക്കിണര്‍ വെള്ളമില്ലാത്തതിനെത്തുടര്‍ന്ന് ഉപേക്ഷിച്ചതാണ്.അപകടം നടന്നപ്പോള്‍ മുതല്‍ ശങ്കര്‍ ഒളിവിലാണ്.
വാർത്താ കടപ്പാട്