
ദുബായ്(big14news.com): ഹജ്ജ് തീര്‍ത്ഥാടനത്തിന് ഒരുങ്ങുന്ന പ്രവാസികള്‍ക്ക് വന്‍ തിരിച്ചടിയായി സൗദിയുടെ പുതിയ ഹജ്ജ് നയം.ലോകത്തെ എല്ലാ രാജ്യങ്ങളിലുമുള്ള പ്രവാസികളുടെ ഹജ്ജ് ക്വാട്ട നിര്‍ത്തലാക്കിയതായി യു.എ.ഇ ഔഖാഫ് അധികൃതര്‍ അറിയിച്ചു. ഇതോടെ ഓരോ രാജ്യത്തിലേയും സ്വന്തം പൗരന്‍മാര്‍ക്ക് മാത്രമാണ് അവിടെ നിന്നും ഇനി മുതല്‍ ഹജ്ജിന് പോകാനാകുക.
കഴിഞ്ഞയാഴ്ച സൗദി ഹജ്ജ് മന്ത്രാലയവും വിവിധ രാജ്യങ്ങളിലെ ഹജ്ജ് മന്ത്രാലയ മേധാവികളും പങ്കെടുത്ത യോഗത്തിലാണ് ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. ഓരോ രാജ്യത്തിനും അനുവദിക്കുന്ന ഹജ്ജ് ക്വാട്ട അതത് രാജ്യത്തെ പൗരന്മാര്‍ മാത്രമേ ഉപയോഗിക്കാവൂ എന്നാണ് സൗദി ഹജ്ജ് മന്ത്രാലയം വ്യക്തമാക്കിയത്. ഇതോടെ പ്രവാസികള്‍ക്ക് സ്വന്തം നാട്ടില്‍ നിന്ന് മാത്രമേ ഹജ്ജിന് പുറപ്പെടാന്‍ കഴിയൂ.
ഗള്‍ഫിലെ പ്രവാസികളായ വിശ്വാസികള്‍ക്ക് തീരുമാനം വലിയ തിരിച്ചടിയാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇന്ത്യയില്‍ നിന്ന് ഹജ്ജ് നിര്‍വ്വഹിക്കുേമ്പാള്‍ വിമാന ഷെഡ്യൂളിന് അനുസരിച്ച് ഒരു മാസത്തിലേറെ സമയം നീക്കി വെക്കേണ്ടി വരും. ഗള്‍ഫില്‍ നിന്ന് കുറഞ്ഞ ദിവസം കൊണ്ട് ഹജ്ജ് നിര്‍വ്വഹിച്ച് ജോലിയില്‍ തിരികെ പ്രവേശിക്കാം എന്ന സൗകര്യമാണ് ഇതോടെ ഇല്ലാതാകുന്നത്.