
ദമ്മാം(big14news.com): കുവൈത്തിൽ ഹൗസ് ഡ്രൈവർ വിസയിൽ വന്നു സൗദിയിൽ ആടുമേയ്ക്കാൻ വിധിക്കപ്പെട്ട മലയാളി സാമൂഹ്യ പ്രവർത്തകരുടെ സഹായത്തോടെ നാടണഞ്ഞു. പാലക്കാട് മണ്ണാർക്കാട് സ്വദേശി മുഹമ്മദ് ഷാഫിയാണ് ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകരുടെ സഹായത്തോടെ സൗദി ഗവണ്മെന്റ് പ്രഖ്യാപിച്ച പൊതുമാപ്പിന്റെ ആനുകൂല്യത്തിൽ കഴിഞ്ഞ ദിവസം നാട്ടിലേക്കു തിരിച്ചത്.
ഒരു വർഷം മുൻപാണ് കുവൈത്തിലെ ഒരു സ്‌പോൺസറുടെ വീട്ടിലേക്ക്ഹൗസ് ഡ്രൈവർ വിസയിൽ മുഹമ്മദ് ഷാഫി എത്തിയത്. എന്നാൽ അഞ്ചുമാസത്തിനു ശേഷം തൊഴിലുടമ സൗദിയിലെ നജ്റാൻ എന്ന സ്ഥലത്തേക്ക് സന്ദർശന വിസയിൽ കടത്തിക്കൊണ്ടുവരികയും, അവിടെ ഒരു മരുഭൂമിയിൽ ആടുമേയ്ക്കാൻ നിർബന്ധിക്കുകയും ചെയ്യുകയായിരുന്നു.പിന്നീട് നജ്‌റാനിൽ നിന്നും ദമ്മാമിലേക്കു കൊണ്ടുവരികയും,ഭക്ഷണമോ വെള്ളമോ പോലും ലഭിക്കാതെ ദുരിതജീവിതം നയിക്കുന്നതിനിടയിൽ ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകർ ഈ വിവരം അറിയുകയും മുഹമ്മദ് ഷാഫിയോട് കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കുകയും ചെയ്തു. തുടർന്ന് ഫോറം കമ്മ്യൂണിറ്റി വെൽഫെയർ വിഭാഗം നേതാക്കളായ മൻസൂർ ആലംകോട്, ഹംസക്കോയ പൊന്നാനി എന്നിവരുടെ നേതൃത്തത്തിൽ തൊഴിലുടമയുമായി നിരന്തരം സംസാരിച്ചതിനെത്തുടർന്നാണ് നാട്ടിലേക്ക് പോകാനുള്ള വഴിയൊരുങ്ങിയത്.
പൊതുമാപ്പിന്റെ ആനുകൂല്യം ഉപയോഗപ്പെടുത്തി കഴിഞ്ഞ ദിവസം എയർപോർട്ടിലെ പാസ്പോർട്ട് വിഭാഗത്തിൽ നിന്നും എക്സിറ്റ് നൽകുകയും ഇത്തിഹാദ് എയർ ലൈനിൽ മുഹമ്മദ് ഷാഫി നാട്ടിലേക്ക് തിരിക്കുകയും ചെയ്തു. മുഹമ്മദ് ഷാഫിയുടെ പാസ്സ്പോർട്ടും, ടിക്കറ്റും ഇന്ത്യൻ സോഷ്യൽ ഫോറം ദമ്മാം ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി മൻസൂർ ആലംകോട്, പ്രസിഡന്റ് അഹ്മദ് യൂസുഫ് എന്നിവർ ചേർന്ന് കൈമാറുന്നു