ജിഷ്ണു കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതികളുടെ സ്വത്ത് കണ്ടുകെട്ടുന്നു

Share on Facebook
Tweet on Twitter

തൃശൂര്‍(big14news.com): ജിഷ്ണു പ്രണോയ് കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നടപടികള്‍ തുടങ്ങി. വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേലിനും പ്രവീണിനുമെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാനുളള അപേക്ഷ ഇന്ന് വടക്കാഞ്ചേരി മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കും. ഇരുവരെയും പിടികൂടാന്‍ അഞ്ചു സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

ജിഷ്ണുവിനെ മര്‍ദ്ദിക്കുന്നതടക്കമുളള ഗുരുതര കുറ്റങ്ങള്‍ ചെയ്തിട്ടുളളത് മൂന്നാം പ്രതി ശക്തിവേലും നാലാം പ്രതി പ്രവീണുമാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. 55 ദിവസമായി ഒളിവില്‍ കഴിയുന്ന ഇവര്‍ക്കായി വിവിധ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.

കീഴടങ്ങാന്‍ പ്രതികളെ പ്രേരിപ്പിക്കുന്നതിനായാണ് സ്വത്തു കണ്ടുകെട്ടുന്നതിനുളള നടപടികള്‍ തുടങ്ങിയത്. ഇവര്‍ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുന്നതാണ് ഇതിന്റെ ആദ്യ പടി. അതിനുളള പൊലീസിന്റെ അപേക്ഷയില്‍ വടക്കാഞ്ചേരി മജിസ്ട്റ്റ് കോടതി ഇന്ന് തീര്‍പ്പ് കല്‍പ്പിക്കും.

അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടും പ്രതികളെ പിടികൂടാനായില്ലെങ്കില്‍ അക്കാര്യം കോടതിയെ അറിയിച്ച് ഇവരെ പിടികിട്ടാപുള്ളികളായി പ്രഖ്യാപിക്കണം. അതിനു ശേഷമാണ് സ്വത്തു കണ്ടു കെട്ടാനുളള അപേക്ഷ സമര്‍പ്പിക്കേണ്ടതും കോടതി അനുമതിയോടെ റവന്യൂ അധികാരികള്‍ മുഖേന നടപടികള്‍ സ്വീകരിക്കേണ്ടതും.

ഒളിവില്‍ കഴിയുന്ന പ്രതികളുടെ സ്വത്ത് കണ്ടുകെട്ടുമെന്ന് ഡി ജി പി സമരം തുടങ്ങും മുമ്പ് തന്നെ ജിഷ്ണുവിന്റെ കുടുംബാംഗങ്ങള്‍ക്ക് ഉറപ്പു നല്‍കിയിരുന്നു. അതിനിടെ പ്രതികളെ കണ്ടെത്തുന്നതിന് ക്രൈംബ്രാഞ്ച് എ ഡി ജി പിയുടെ നേതൃത്വത്തിലുളള പ്രത്യേക സംഘത്തിന് പുറമെ തൃശൂരിലെ പൊലീസും അന്വേഷണം ഊര്‍ജ്ജിതമാക്കി. മഹാരാഷ്ട്ര ഉള്‍പ്പെടെയുളള അഞ്ചു സംസ്ഥാനങ്ങളില്‍ അഞ്ചു സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം.

  • TAGS
  • -actions
  • -in-jishnu-case
  • -tights
  • Police
SHARE
Facebook
Twitter
Previous articleനടന്‍ ശരത്കുമാറിന്റെയും തമിഴ്‌നാട് ആരോഗ്യമന്ത്രിയുടെയും വീട്ടില്‍ റെയ്ഡ്
Next articleഫുട്ബോൾ ഫാമിലി മെഗാ പ്രീമിയർ ലീഗ് 2017 ഇന്ന് വൈകുന്നേരം മുതൽ വിൻടച്ച് ഇന്റർനാഷണൽ ഫ്‌ളഡ്‌ലൈറ്റ് സ്റ്റേഡിയത്തിൽ