
കാസര്‍ഗോഡ്(big14news.com):പഴയ ചൂരിയിലെ മദ്രസാധ്യാപകന്‍ റിയാസ് മൗലവിയെ കൊന്ന കേസിലെ പ്രതികളെ കോടതിയില്‍ നിന്നും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തപ്പോള്‍ ആദ്യ ദിവസമായ ഇന്ന് പൊലീസിന് ലഭിച്ചത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്.
കഴിഞ്ഞ പത്ത് മാസത്തിനകം ഒന്നും രണ്ടും പ്രതികളായ കേളുഗുഡ്ഡെ അയ്യപ്പനഗര്‍ ഭജന മന്ദിരത്തിന് സമീപത്തെ അജേഷ് എന്ന അപ്പു(20), കേളുഗുഡ്ഡെയിലെ നിതിന്‍ (19) എന്നിവര്‍ ചെയ്തു കൂട്ടിയ സംഭവങ്ങളുടെ ലിസ്റ്റ് തന്നെ പുറത്തു വന്നു.
ഇതില്‍ പലതിനും കേസെടുത്തിരുന്നില്ല. കറന്തക്കാട് ഉമാ നഴ്‌സിംഗ് ഹോം മുതല്‍ കേളുഗുഡ്ഡെ വരെയുള്ള എട്ട് വീടുകള്‍ക്ക് പല ദിവസങ്ങളിലായി കല്ലെറിഞ്ഞിട്ടുണ്ടെന്നാണ് രണ്ടു പേരും മൊഴി നല്‍കിയത്. കൂടാതെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ എറിഞ്ഞ് തകര്‍ത്തിരുന്നു. ഉടമ പരാതി നല്‍കിയെങ്കിലും കേസെടുക്കാത്തതിനാല്‍ അന്വേഷണം നടന്നില്ല.
കൂടാതെ രണ്ടു പേരെ ഇരുട്ടിന്റെ മറവില്‍ ബിയര്‍ കുപ്പി കൊണ്ട് തലക്കടിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. അതിനും പിടിക്കപ്പെട്ടില്ല. കഴിഞ്ഞ 10 മാസത്തിനകം നിരവധി കുറ്റകൃത്യങ്ങള്‍ രണ്ടു പേരും ചെയ്തുവെന്നാണ് മൊഴി നല്‍കിയിട്ടുള്ളത്.
ഒരു സംഭവത്തിനും പിടിക്കപ്പെടാത്തതിനാല്‍ പ്രതികള്‍ക്ക് പ്രചോദനമായി. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടയില്‍ മീപ്പുഗിരിയിലെ ഒരു ബൂത്തില്‍ വെച്ച് ഒന്നാം പ്രതി അജേഷിന് മര്‍ദ്ദനമേറ്റിരുന്നു. തലക്കും മുഖത്തുമായിരുന്നു അന്ന് പരിക്കേറ്റത്.
അടിയേറ്റു വീണ അജേഷ് ഒരു വിധം നടന്നാണ് വീട്ടിലേക്ക് മടങ്ങിയത്. സംഭവത്തിന് ദൃക്‌സാക്ഷിയായ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന്‍ ആസ്പത്രിയില്‍ പോകാനും പരാതി നല്‍കാനും നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ അതിനൊന്നും കൂട്ടാക്കാതെ മനസ്സില്‍ പകയുമായി തിരിച്ചു പോവുകയായിരുന്നുവത്രെ.
പിന്നീടാണ് പല ദിവസങ്ങളിലായി അക്രമ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു വന്നത്. പ്രതികളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. കൊല നടന്ന പള്ളിയിലും ഒളിവില്‍ കഴിഞ്ഞ കേളുഗുഡ്ഡെയിലെ ഷെഡ്ഡിലും കത്തി കഴുകിയ അംഗന്‍വാടിയിലും പ്രതികളെ തെളിവെടുപ്പിന് കൊണ്ടു പോകും. കൊലയിലെ ഗൂഢാലോചന സംബന്ധിച്ചും അന്വേഷണം നടന്നു വരികയാണ്.ഇനിയുള്ള നാല് ദിവസങ്ങളിലായി നടക്കുന്ന തെളിവെടുപ്പിൽ ജനങ്ങളെ സ്തംഭിപ്പിക്കുന്ന വിവരങ്ങൾ ഒരുപക്ഷേ പൊലീസിന് ലഭിച്ചേക്കാം.