
കാസർഗോഡ്(big14news.com): ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ കളക്ടറേറ്റിലെ ജീവനക്കാർക്കായി ഭരണഭാഷ-മാതൃഭാഷ എന്ന വിഷയത്തിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു. കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി ജില്ലാ കളക്ടർ കെ ജീവൻബാബു ഉദ്ഘാടനം ചെയ്തു. എഡിഎം കെ അംബുജാക്ഷൻ അധ്യക്ഷത വഹിച്ചു.ഡോ.എൻ പി വിജയൻ ക്ലാസെടുത്തു.
ഭരണഭാഷ മാതൃഭാഷയായാൽ മാത്രമെ ജീവനകാർക്ക് ജനങ്ങളോടൊപ്പം പോകാൻ സാധിക്കുകയുളളൂ എന്നും ഭരണം നടത്താനുളള മികച്ച മാധ്യമം മാതൃഭാഷയാണെന്നും ഡോ.എൻ പി വിജയൻ പറഞ്ഞു.ഓരോ ഫയലുകളിലും ഒരു മലയാള വിപ്ലവം തുടങ്ങാൻ നമുക്കാകണം.
സെക്രട്ടേറിയറ്റ് മുതൽ വില്ലേജ് ഓഫീസ് വരെയുളള സ്ഥാപനങ്ങളിൽ ഇതുണ്ടാകണം. അനൗപചാരിക വിദ്യാഭ്യാസമാണ് ജോലിയിടങ്ങളിൽ നിന്നും നമുക്ക് ലഭിക്കുന്നതെന്നും മാതൃഭാഷയോട് അവഗണന കാണിച്ചാൽ നാം അപജയത്തിലേക്ക് പോകുമെന്നും ഡോ. എൻ പി വിജയൻ പറഞ്ഞു. ഹുസൂർ ശിരസ്തദാർ പി കെ ശോഭ സ്വാഗതവും സ്റ്റാഫ് കൗൺസിൽ സെക്രട്ടറി ടി കെ വിനോദ് കുമാർ നന്ദിയും പറഞ്ഞു.