
കാസർഗോഡ്(big14news.com):പഴയ ചൂരി മുഹ്യയുദ്ധീന്‍ ജുമാ മസ്ജിദ് മദ്രസാ അധ്യാപകനായ റിയാസ് മൗലവിയെ വധിച്ച കേസില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി.കണ്ണൂര്‍ ക്രൈം ബ്രാഞ്ച് എസ് പി ഡോ. എ ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ വൻ പൊലീസ് സന്നാഹത്തോടെ മുഖം മൂടി ധരിപ്പിച്ച് പ്രതികളെ കോടതിയിൽ ഹാജരാക്കിയത്.
302 വകുപ്പ് പ്രകാരം പ്രതികൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുകയും 14 ദിവസത്തേക്ക് പ്രതികളെ റിമാൻഡ് ചെയ്യുകയും ചെയ്തു.അജേഷ് ആണ് പള്ളിയോടനുബന്ധിച്ച മുറിയില്‍ അതിക്രമിച്ചു കടന്ന് മൂര്‍ച്ചയേറിയ ആയുധം കൊണ്ട് റിയാസ് മൗലവിയെ കഴുത്തറുത്തും കുത്തിയും കൊലപ്പെടുത്തിയതെന്ന് അന്വേഷണ സംഘം അറിയിച്ചു.
മീപ്പുഗിരിയില്‍ മാര്‍ച്ച് 18ന് നടന്ന ഷട്ടില്‍ ടൂര്‍ണമെന്റിനിടയിലുണ്ടായ സംഘർഷമാണ് കൊലയ്ക്ക് പ്രേരണയായതെന്ന് പ്രതികൾ പൊലീസിന് മൊഴി നൽകി.ഇതിൽ ഒരാളുടെ പല്ല് കൊഴിയുകയും ചെയ്തിരുന്നു ഇതിന് പ്രതികാരം ചെയ്യണമെന്ന ഉദ്ദേശത്തോടെയാണ് ഇവര്‍ മദ്യലഹരിയില്‍ ബൈക്കില്‍ പഴയ ചൂരിയില്‍ എത്തിയത്.
ഒരാളെ കൊലപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെയാണ് ഇവര്‍ പോയത്.വഴിയില്‍ ആരെയെങ്കിലും കണ്ടാലും ഇവര്‍ അക്രമിക്കുമായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.ഇതിനിടയിലാണ് റിയാസ് മൗലവി പ്രതികളുടെ കൊലക്കത്തിക്ക് ഇരയായത്.