
കാസർഗോഡ്(big14news.com):സമാധാനം നിലനിൽക്കുന്ന കാസർകോട്ടും പരിസര പ്രദേശങ്ങളിലും വീണ്ടും അശാന്തി സൃഷ്ടിച്ച് കൊണ്ട് കാസർഗോഡ് പഴയ ചൂരി മുഹ്‌യുദ്ധീൻ ജുമുഅത്ത് പള്ളി മുഅദ്ദിനെ മൃഗീയമായി കൊലപ്പെടുത്തിയ സംഭവം ജില്ലക്ക് പുറത്തുള്ള പ്രത്യേക പോലീസ് സംഘത്തെ കൊണ്ട് അന്വേഷിപ്പിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ ട്രഷറർ എ.അബ്ദുൽ റഹ്മാൻ ആവശ്യപ്പെട്ടു.
കാസർകോട്ടും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ പതിനഞ്ച് വർഷത്തിനുള്ളിൽ നടന്ന സാമുദായിക കൊലപാതങ്ങളിലെ പ്രതികളെ ശിക്ഷിക്കാൻ ഉതകുന്ന അന്വേഷണങ്ങൾ നടത്താൻ പോലീസിന് സാധിച്ചിട്ടില്ല. പ്രമാദമായ കൊലപാതക കേസുകളിൽപ്പോലും പ്രതികളെ വെറുതെ വിടുന്ന അവസ്ഥയാണ് കാസർകോടുണ്ടായിട്ടുള്ളത്.
നാടിന്റെ ശാന്തി ഇല്ലാതാക്കാൻ വേണ്ടി കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ ബി.ജെ.പിക്ക് സ്വാധീനമുള്ള മധൂർ പഞ്ചായത്തിലെ ബട്ടംപ്പാറയിലെ ഇർഷാദ്,മീപ്പുഗിരിയിലെ സാബിത്, ഇപ്പോൾ പഴയ ചൂരി ജുമുഅത്ത് പള്ളി മുഅദ്ദിൻ റിയാസ് മൗലവി എന്നിവരെ വർഗ്ഗീയ ഫാസിസ്റ്റ് സംഘ് പരിവാർ സംഘടനാ പ്രവർത്തകർ യാതൊരു പ്രകോപനവുമില്ലാതെയാണ് മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്ന തരത്തിൽ അതിക്രൂരമായി കൊലപ്പെടുത്തിയത്.
മുഴുവൻ കൊലപാതകങ്ങളും പ്രത്യേക പരിശീലനം നേടിയ കൊലയാളികളാണ് നടത്തിയിട്ടുള്ളതെന്ന് മുറിവുകൾ പരിശോധിച്ചാൽ മനസ്സിലാകും.വിവിധ കൊലപാത കേസുകളിൽ പിടി കൂടുന്ന നിത്യജീവിതത്തിന് വകയില്ലാത്ത പ്രതികൾക്ക് വേണ്ടി ലക്ഷങ്ങൾ പ്രതിഫലം പറ്റുന്ന പ്രഗൽഭരായ വക്കീലന്മാരും ബി.ജെ.പി.ദേശീയ നേതാക്കളായ അഡ്വക്കേറ്റുമാരുമാണ് കേസ് വാദിക്കാൻ എത്തുന്നത്.
ഇതിന്റെ പിന്നിലെ സാമ്പത്തിക ശക്തിയെ കുറിച്ച് അന്വേഷിക്കാൻ ബന്ധപ്പെട്ട അധികാരികൾ ഇതു വരെ തയ്യാറായിട്ടില്ല.കാസർകോട്ടും പരിസര പ്രദേശങ്ങളിലും നടക്കുന്ന സാമുദായിക സംഘർഷങ്ങളിൽ ഇരട്ട നീതിയാണ് പലപ്പോഴും പോലീസ് നടപ്പിലാക്കുന്നത്.
ഇരകൾക്കൊപ്പം നിൽക്കേണ്ടവർ വേട്ടക്കാർക്ക് സംരക്ഷണം നൽകുന്നത് കൊണ്ടാണ് പള്ളിക്കകത്ത് കയറി പുരോഹിതമാരെപ്പോലും യാതൊരു ഭയവുമില്ലാതെ കഴുത്തറുത്ത് കൊല്ലാൻ വർഗ്ഗീയ ശക്തികൾക്ക് ധൈര്യം ഉണ്ടാക്കുന്നത്.
കാസർഗോഡ് പോലീസ് സ്റ്റേഷൻ കാവി പുതച്ച ചെങ്കൊടി വീരന്മാരാണ് നിയന്ത്രിക്കുന്നത്. നിരപരാധികളെ അന്യായമായി കസ്റ്റഡിയിൽ എടുത്ത് മൂന്നാം മുറയക്ക് വിധേയമാക്കുന്ന പോലീസ് കൊലപാതക – ഗുണ്ടാ മാഫിയ – മയക്ക് മരുന്ന് വിതരണ സംഘങ്ങൾക്ക് ഒത്താശ ചെയ്യുകയാണ്.
കാസർകോട്ടെ ജനങ്ങൾക്ക് പോലീസിലുള്ള വിശ്വാസം നഷ്ടപ്പെട്ട സാഹചര്യത്തിൽ ജില്ലക്ക് പുറത്തുള്ള ഉന്നത പോലീസ് സംഘത്തിന് മാത്രമേ റിയാസ് മൗലവി വധക്കേസിലെ യഥാർത്ഥ കുറ്റവാളികളെ പിടി കൂടാൻ സാധിക്കുകയുള്ളൂവെന്ന് അബ്ദുൽ റഹ്മാൻ പറഞ്ഞു.