
ന്യൂഡല്‍ഹി(big14news.com): ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന എന്‍ജിനീയറിങ്, സാങ്കേതിക കോളജുകളില്‍ അധികവും വ്യാജം. ഡല്‍ഹിയില്‍ 66 കോളജുകള്‍ക്കാണ് അക്രഡിറ്റേഷന്‍ ഇല്ലാത്തത്. സാങ്കേതിക ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ 279 എണ്ണം വ്യാജമാണ്.
ഇവയ്ക്ക് ഡിഗ്രികള്‍ നല്‍കുന്നതിനുള്ള അധികാരമുണ്ടായിരിക്കില്ല. ഇവിടെ നിന്നു ലഭിക്കുന്ന ഡിഗ്രി വെറും കടലാസിനു സമാനവുമായിരിക്കും. കൂടാതെ 23 വ്യാജ സര്‍വകലാശാലകളും ഇന്ത്യയില്‍ നിലനില്‍ക്കുന്നു. ഇതില്‍ ഏഴും ഡല്‍ഹിയില്‍ തന്നെയാണെന്ന പ്രത്യേകതയുമുണ്ട്.
കഴിഞ്ഞ മാസം യുജിസിയും ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എഡ്യൂക്കേഷന്‍ (എഐസിടിഇ)യും വ്യാജ സര്‍വകലാശാലകളുടെ പട്ടിക അവരുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു.വ്യാജ സര്‍വകലാശാലകളുടെയും സാങ്കേതിക കോളജുകളുടെയും വിവരങ്ങള്‍ അതാതു സംസ്ഥാനങ്ങളെ അറിയിച്ചിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. തെലങ്കാന, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍, മഹാരാഷ്ട്ര എന്നിവിടങ്ങളിലും ഒട്ടേറെ വ്യാജ സാങ്കേതിക ഇന്‍സ്റ്റിറ്റ്യൂട്ടുകളുണ്ട്.
വരുന്ന വര്‍ഷം അഡ്മിഷന്‍ നല്‍കരുതെന്ന് എഐസിടിഇ വ്യാജ കോളജുകള്‍ക്ക് നിര്‍ദേശം നല്‍കി. ഇവിടെ അഡ്മിഷനെടുക്കരുതെന്ന് വ്യക്തമാക്കി പത്രമാധ്യമങ്ങളില്‍ അറിയിപ്പു നല്‍കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
വ്യാജ സര്‍വകലാശാലകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് അന്വേഷണം നടത്തി കേസ് റജിസ്റ്റര്‍ ചെയ്യുന്നതിനു സംസ്ഥാനങ്ങള്‍ക്കു നിര്‍ദേശം നല്‍കിയതായി മാനവശേഷി വികസന വകുപ്പ് സഹമന്ത്രി മഹേന്ദ്ര നാഥ് പാണ്ഡെ രാജ്യസഭയില്‍ വ്യക്തമാക്കിയിരുന്നു.