
സിഡ്നി(big14news.com):ആസ്ട്രേലിയയില്‍ അര്‍ദ്ധരാത്രി നദിയില്‍ നീന്തുന്നതിനിടെ മുതലയുടെ പിടിയില്‍ പെട്ട യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. സിഡ്നി സ്വദേശി ലീ ഡി പൗ(18)വാണ് ഇടതു കൈയില്‍ മുറിവുകളോടെ ആശുപത്രിയില്‍ ചികിത്സയിലുള്ളത്.
ആസ്ട്രേലിയയുടെ വടക്ക് കിഴക്കന്‍ തീരത്തെ ജോണ്‍സ്റ്റോണ്‍ നദിയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം നീന്തുന്നതിനിടെയാണ് അപകടം. പാഞ്ഞെത്തിയ മുതല ലീയുടെ ഇടതുകൈയില്‍ കടിച്ചു. ആദ്യം പകച്ചു പോയെങ്കിലും ധൈര്യം വീണ്ടെടുത്ത ലീ, മുതലയുടെ തലയില്‍ വലതുകൈ കൊണ്ട് തുടര്‍ച്ചയായി ശക്തിയോടെ ഇടിച്ചു.
ഇടിയുടെ ആഘാതമേറ്റ മുതല അവസാനം ലീയെ വിട്ട ശേഷം വെള്ളത്തിനടിയിലേക്ക് നീന്തിപ്പോവുകയായിരുന്നു. ഉടന്‍ തന്നെ കൂട്ടുകാര്‍ ചേര്‍ന്ന് ലീയെ കരയ്ക്കെത്തിച്ചു. പിന്നീടാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ലീയുടെ പരിക്ക് ഗുരുതരമല്ലെന്നും സുഖം പ്രാപിച്ചു വരുന്നതായും ഡോക്ടര്‍മാര്‍ പറഞ്ഞു.ആസ്ട്രേലിയയിലെ ജലാശയങ്ങളില്‍ മുതലകള്‍ സര്‍വസാധാരണമാണ്. 1971ല്‍ വന്യജീവി സംരക്ഷണ നിയമം കൊണ്ടു വന്നതിന് ശേഷം മുതലകളുടെ എണ്ണം കൂടിയിട്ടുണ്ട്. ആസ്ട്രേലിയയില്‍ പ്രതിവര്‍ഷം രണ്ടു പേരെ മുതല കൊല്ലുന്നു എന്നാണ് കണക്ക്.