‘ഇനിയും വിരലുകള്‍ ചൂണ്ടും;സോഷ്യല്‍ മീഡിയയിലും പോര്‍മുഖം തുറന്ന് യു ഡി എഫ്

Share on Facebook
Tweet on Twitter

തിരുവനന്തപുരം(big14news.com):മുഖ്യമന്ത്രി പിണറായിക്കെതിരെ ഇനിയും വിരലുകള്‍ ചൂണ്ടുമെന്ന് യു ഡി എഫ് യുവ എംഎല്‍എമാര്‍.വി ടി ബല്‍റാം മുഖ്യമന്ത്രിക്കെതിരെ വിരല്‍ ചൂണ്ടിയതുമായി ബന്ധപ്പെട്ട് വിവാദം കത്തിപടരവെയാണ് ‘വിരലുകള്‍ ഇനിയും ചൂണ്ടുമെന്ന’ അടിക്കുറുപ്പോടെ യുവ എംഎല്‍എമാരുടെ സെല്‍ഫി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

ഷാഫി പറമ്പില്‍,കെ എം ഷാജി,ഹൈബി ഈഡന്‍,അന്‍വര്‍ സാദത്ത്,വി ടി ബല്‍റാം, റോജി എം ജോണ്‍, ശബരിനാഥ് എന്നീ എംഎല്‍എമാര്‍ അണി നിരന്ന ‘ചൂണ്ടല്‍ സെല്‍ഫി ‘ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

മുഖ്യമന്ത്രിക്ക് നേരെ ബല്‍റാം കൈ ചൂണ്ടുക മാത്രമല്ല ‘എടാ ‘ എന്ന് വിളിക്കുകയും ചെയ്തതായി ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എ എന്‍ ഷംസീര്‍ എംഎല്‍എയും ആരോപിച്ചിരുന്നു.

ഇതിനിടെ പ്രതിപക്ഷത്തെ ഒരംഗം തനിക്കെതിരെ ആക്രോശിച്ചെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണത്തിനു മറുപടിയായി രംഗത്ത് വന്ന ബല്‍റാം,സദാചാര ഗുണ്ടകളായ ശിവസേനക്കാരെ പ്രതിപക്ഷം വാടകക്കെടുത്തതാണെന്ന് ആക്ഷേപിച്ചാല്‍ പറയുന്നയാളുടെ മുഖത്തേക്ക് വിരല്‍ ചുണ്ടി നിഷേധിച്ചിരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.

ബ്രണ്ണന്‍ കോളേജിലൊന്നും പഠിച്ചിട്ടില്ലങ്കിലും വിരട്ടലൊക്കെ ഞങ്ങളും കുറേ കണ്ടിട്ടുണ്ടെന്നും ബല്‍റാം ഫേസ് ബുക്കിലെ കുറിപ്പില്‍ വ്യക്തമാക്കി.

പൊലീസ് നോക്കി നില്‍ക്കെ കഴിഞ്ഞ ദിവസം കൊച്ചി മറൈന്‍ ഡ്രൈവില്‍ ശിവസേനക്കാര്‍ യുവതീ യുവാക്കളെ അടിച്ചോടിച്ചത് സംബന്ധിച്ച പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയമാണ് നാടകീയ സംഭവങ്ങള്‍ക്ക് നിയമസഭയെ വേദിയാക്കിയത്.

പിണറായിക്ക് നേരെ വിരല്‍ ചൂണ്ടിയ ബല്‍റാമിനെ യു ഡി എഫ് അനുകൂലികള്‍ സോഷ്യല്‍ മീഡിയയില്‍ താരമാക്കിയിരിക്കുകയാണിപ്പോള്‍. ഇതിനെതിരെ സി പി എം പ്രവര്‍ത്തകരും ശക്തമായ പ്രതികരണങ്ങളുമായി ഇറങ്ങിയതോടെ പൊരിഞ്ഞ ‘അടിയാണ്’ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ നടക്കുന്നത്.