ബ്രിക്സിലേക്ക് സൗഹൃദരാജ്യങ്ങളെ ഉള്‍പ്പെടുത്താന്‍ ചൈനയുടെ നീക്കം

Share on Facebook
Tweet on Twitter

ചൈന(big14news.com):ചൈന തങ്ങളുടെ സൗഹൃദ രാജ്യങ്ങളെ ബ്രിക്സിലേക്ക് ഉള്‍പ്പെടുത്താന്‍ നീക്കം തുടങ്ങി.പാകിസ്ഥാന്‍, ശ്രീലങ്ക, മെക്സിക്കോ എന്നിവ അടക്കം ചൈനയുമായി നല്ല സൗഹൃദത്തിലിരിക്കുന്ന രാജ്യങ്ങളെ ഉള്‍പ്പെടുത്തി ബ്രിക്സിനെ വരുതിയിലാക്കാനാണ് ചൈന ശ്രമിക്കുന്നത്.

കൂടുതല്‍ വികസ്വര രാജ്യങ്ങളെ ഉള്‍പ്പെടുത്തി സംഘടനയെ ബ്രിക്സ് പ്ലസ് എന്ന പേരില്‍ വിപുലപ്പെടുത്തണമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി പാര്‍ലമെന്റ് സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

സൗഹൃദ വലയത്തിലുള്ള രാഷ്ട്രങ്ങളെ ഉള്‍പ്പെടുത്തി സഹകരണത്തിന്റെ ശക്തമായ അടിത്തറയായി ബ്രിക്സിനെ മാറ്റണമെന്നും അദ്ദേഹം പറഞ്ഞു.ബ്രസീല്‍, റഷ്യ, ചൈന, ഇന്ത്യ, ദക്ഷിണാഫിക്ക എന്നിവ ഉള്‍പ്പെട്ട ബ്രിക്സിന്റെ പ്രസിഡന്റ് സ്ഥാനം ഇപ്പോള്‍ ചൈനയ്ക്കാണ്.

ഈ വര്‍ഷം സെപ്റ്റംബറില്‍ ചൈനയില്‍ വാര്‍ഷിക സമ്മേളനം നടക്കാനിരിക്കെയാണ് പുതിയ ആവശ്യവുമായി അവര്‍ രംഗത്തെത്തിയിരിക്കുന്നത്.ചൈനയുടെ നീക്കം ബ്രിക്സ് അംഗരാജ്യങ്ങളില്‍ ഏറ്റവുമധികം ബാധിക്കുന്നത് ഇന്ത്യയെ ആയിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ബ്രിക്സിന്റെ വിപുലപ്പെടുത്തല്‍ അതിന്റെ ലക്ഷ്യത്തേയും വികസന ലക്ഷ്യങ്ങളിലുള്ള അംഗരാജ്യങ്ങളുടെ യോജിപ്പിനേയും ബാധിക്കുമെന്നും വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. ഷാങ്ഹായ് കോ ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന് സമാന്തരമായി ബ്രിക്സിനെ ചൈനീസ് നിയന്ത്രണത്തിലുള്ള സംഘടനയാക്കാനാണ് ശ്രമം.

നേരത്തെ അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിന്റെ പേരില്‍ പാകിസ്ഥാനെ ഒറ്റപ്പെടുത്തണമെന്നുള്ള ഇന്ത്യയുടെ ആവശ്യം ഗോവയില്‍ നടന്ന കഴിഞ്ഞ ബ്രിക്സ് ഉച്ചകോടിയില്‍ ചൈന ഇടപെട്ട് തടസ്സപ്പെടുത്തിയിരുന്നു.