
മൊഗ്രാൽ പുത്തൂർ(big14news.com):എസ്.എസ്.എൽ.സി പരീക്ഷാ ഫലം വന്നതിനേക്കാൾ ആഹ്ലാദത്തിലാണ് കമ്പാറിലെ ലീലയും മക്കളും.ലീലയുടെ മകൾ ആശാകുമാരി മൊഗ്രാൽ പുത്തൂർ ഹയർ സെക്കണ്ടറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്.വൈദ്യുദി ഇല്ലാത്തത് മൂലം വിഷമിച്ചിരിക്കുകയായിരുന്നു ഈ കുടുംബം.
സ്കൂൾ അധ്യാപികമാരായ പ്രസന്നകുമാരിയും സുബൈദയും ഈ കുട്ടിയുടെ വീട്ടിൽ വൈദ്യുതി ഇല്ലാത്ത കാര്യം പലരുടെയും ശ്രദ്ധയിൽ പെടുത്തിയെങ്കിലും പരിഹാരം കാണാൻ സാധിച്ചില്ല.ദിവസങ്ങൾക്ക് മുമ്പാണ് സാമൂഹ്യ പ്രവർത്തകനായ മാഹിൻ കുന്നിലിന്റെ മുന്നിൽ അധ്യാപകർ കാര്യം അവതരിപ്പിച്ചത്.
അദ്ധേഹം പഞ്ചായത്ത് ലീഗ് പ്രസിഡണ്ട് പി.എം.മുനീർ ഹാജിയയോടും വാർഡ് അംഗമായ സുഹ്റ കരീമിനോടും ഈ കുടുംബത്തിന്റെ ദയനീയാവസ്ഥ പറഞ്ഞപ്പോൾ ആ വീട്ടിലേക്ക് ആവശ്യമായ വയറിംഗ് ഉൾപ്പെടെയുള്ള കാര്യങ്ങൾ കമ്പാർ വാർഡ് ലീഗ് കമ്മിറ്റി ഏറ്റെടുത്തു.പേപ്പർ വർക്കുകൾ ഇലക്ട്റിക്കൽ കോൺട്രാക്‌ടേഴ്‌സ് അസോസിയേഷൻ നേതാവ് ഹുസൈൻ പള്ളങ്കോടും ചെയ്യാമെന്നേറ്റു.
വയറിംഗും മറ്റും കഴിഞ്ഞ് ദിവസങ്ങളായെങ്കിലും ആവശ്യത്തിന് മീറ്ററും സർവ്വീസ് വയറുമില്ലാത്തതും കാരണം കണക്ഷൻ വൈകുമെന്ന് അധികൃതർ അറിയിച്ചു. പരീക്ഷ തുടങ്ങാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ വൈദ്യുതി എത്താൻ ഇനിയും ദിവസങ്ങൾ കാത്തിരിക്കണമെന്നറിഞ്ഞതോടെ ആശാകുമാരി സങ്കടത്തിലായി. ഈ കുട്ടിയുടെ വിഷമം അറിഞ്ഞ പഞ്ചായത്ത് പ്രസിഡണ്ട് എ.എ.ജലീൽ പ്രശ്നം ജില്ലാ കലക്ടർ ജീവൻ ബാബുവിന്റെ ശ്രദ്ധയിൽ പെടുത്തി.കലക്ടർ വൈദ്യുതി വകുപ്പ് അധികൃതരുമായി ബന്ധപ്പെട്ടതിനെ തുടർന്ന് രാത്രി തന്നെ ഈ വീട്ടിൽ വെളിച്ചം എത്തുകയും ചെയ്തു.
പരീക്ഷയുടെ തലേ ദിവസം തന്നെ വീട്ടിൽ വെളിച്ചം എത്തിയതോടെ ആശാകുമാരിക്കും വീട്ടുകാരും അതിരറ്റ സന്തോഷത്തിലായിരുന്നു .വീട്ടിൽ എത്തിയ വാർഡ് ലീഗ് നേതാക്കളോട് നന്ദിയും ആഹ്ലാദം പങ്കിടാനും ഈ കുടുംബം മറന്നില്ല.
പരീക്ഷയിൽ നല്ല മാർക്ക് വാങ്ങി വിജയിക്കണമെന്നാശംസിച്ച് നേതാക്കൾ മടങ്ങി. വാർഡ് ലീഗ് പ്രസിഡണ്ട് അബ്ദുല്ലക്കുഞ്ഞി,സെക്രട്ടറി ജമാൽ,സാമൂഹ്യ പ്രവർത്തകൻ മാഹിൻ കുന്നിൽ,ലത്തീഫ്,ബഷീർ,നിസാർ തായൽ , ജുനൈദ് സൈൻ, ഹാരിസ്, അഷ്റഫ്, അൽത്താഫ് ,ഇ കെ.മജീദ് എന്നിവർ സംബന്ധിച്ചു.