
കോളിയടുക്കം(big14news.com):പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കോളിയടുക്കം ഗവ യു പി സ്കൂളിൽ 3 കോടി 74 ലക്ഷത്തിന്റെ വികസന പദ്ധതിക്ക് തുടക്കം കുറിച്ചു.പൂർവ്വ വിദ്യാർത്ഥികളുടെയും, നാട്ടുകാരുടെയും, അധ്യാപകരുടെയും ,മറ്റ് അഭ്യുദയ കാംക്ഷികളുടെയും നേതൃത്വത്തിൽ നടത്തിയ സ്കൂൾ വികസന സെമിനാറിലാണ് പദ്ധതി പ്രഖ്യാപിക്കപ്പെട്ടത്.
വരുന്ന അഞ്ച് വർഷത്തിനുള്ളിൽ വിഭവങ്ങൾ സമാഹരിച്ചു കൊണ്ട് ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തി ഹൈടെക് ക്ലാസുകൾ ഉണ്ടാക്കാനും അതു വഴി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരാനാണ് സ്കൂൾ വികസന സമിതിയും പി ടി എയും ലക്ഷ്യമിടുന്നത്.
പൂർവ്വ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ അണിഞ്ഞയിൽ രൂപീകരിച്ച പ്രാദേശിക സമിതി 3 ലക്ഷം രൂപയ്ക്ക് ഒരു ഹൈടെക് ക്ലാസ് മുറി സെമിനാറിൽ പ്രഖ്യാപിച്ചു. പന്ത്രണ്ടാം വാർഡ് കുടുംബശ്രീ എ ഡി എസ് 5000 രൂപയും എടച്ചാലിലെ വി. ഗോപാലൻ നായർ 5000 രൂപയും വാഗ്ദാനം ചെയ്തു.
കോളിയടുക്കം സ്കൂൾ ഹെഡ്മാസ്റ്റർ എ പവിത്രൻ 50,000 രൂപ നേരത്തെ പ്രഖ്യാപിച്ചിരുന്നു. സ്കൂളിലെ കൂടാതെ സീനിയർ അസിസ്റ്റൻറ് കെ.വനജകുമാരി 25,000 രൂപയും അധ്യാപകൻ വിനോദ്കുമാർ പെരുമ്പള 10,000 രൂപയും പ്രഖ്യാപിച്ചു.
ഉദുമ എംഎൽഎ പ്രാഥമിക വികസന പദ്ധതിയിൽ നിന്നും അനുവദിച്ച 28 ലക്ഷം രൂപ കൊണ്ട് നിർമ്മിച്ച 3 ക്ലാസ്മുറി കെട്ടിടം കെ കുഞ്ഞിരാമൻ എംഎൽ എ ചടങ്ങിൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ വികസന സെമിനാറിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവ്വഹിച്ചു. ചെമ്മനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കല്ലട്ര അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു.
സ്കൂൾ വികസനത്തിന്റെ മാസ്റ്റർപ്ലാൻ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷാസിയ പിടിഎ പ്രസിഡന്റിന് നൽകി പ്രകാശനം ചെയ്തു. ഹെഡ്മാസ്റ്റർ എ പവിത്രൻ റിപ്പോർട്ടും കെ വനജ കുമാരി പദ്ധതി രേഖയും അവതരിപ്പിച്ചു.
വാർഡ് മെമ്പർ വി ഗീത, എ ഇ ഒ പി രവീന്ദ്രനാഥൻ, ഉഷ രവീന്ദ്രൻ, ടി നാരായണൻ, എ നാരായണൻ നായർ, ഇ. മനോജ്കുമാർ, രാജേഷ് ബേനൂർ, സദാശിവൻ തെക്കേക്കര, മുസ്തഫ മച്ചിനയടുക്കം ,വിനീത് അണിഞ്ഞ, പി. ജിഷി എന്നിവർ പ്രസംഗിച്ചു. പി ടി എ പ്രസിഡന്റ് പി വിജയൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി.മധു നന്ദിയും പറഞ്ഞു.