
കണ്ണൂര്‍(big14news.com):ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡന്റും തലശ്ശേരി എം എല്‍ എയുമായ എ.എന്‍.ഷംസീറിനു നേരെയുണ്ടായ ആര്‍ എസ് എസ് ഭിഷണി ജില്ലയില്‍ വീണ്ടും സംഘര്‍ഷത്തിന് വഴിമരുന്നിടുമോ എന്ന ആശങ്കയില്‍ പൊലീസ്.
മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ബിജെപി, ആര്‍എസ്‌എസ്, സി പി എം അടക്കം പ്രമുഖ പാര്‍ട്ടികളുടെ സംസ്ഥാന നേതാക്കള്‍ പങ്കെടുത്ത സര്‍വ്വകക്ഷി യോഗത്തിനു ശേഷമാണ് ഈ ഭീഷണി എന്നത് അതീവ ഗൗരവമായാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ നോക്കിക്കാണുന്നത്.
ഷംസീറിന് പൊലീസ് സുരക്ഷ നല്‍കണമെന്ന് രഹസ്യാന്വേഷണ വിഭാഗവും റിപ്പോര്‍ട്ട് നല്‍കിയതായാണ് സൂചന.ഷംസീറിന്റെ രക്തം കൊണ്ട് ഓം കാളി പൂജ ചെയ്യുമെന്നാണ് മുദ്രാവാക്യം വിളിച്ചു എത്തിയ ഒരു സംഘം ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ ഷംസീറിന്റെ വീടിന്റെ മുന്നിലെ മതിലില്‍ എഴുതിയിരുന്നത്.
മുകളില്‍ എന്ത് സമാധാന ചര്‍ച്ച നടത്തിയാലും അണികള്‍ അത് അംഗീകരിക്കില്ലന്ന വ്യക്തമായ സന്ദേശം കൂടി നല്‍കുന്ന നടപടിയാണിത്.സംസ്ഥാന സ്കൂള്‍ യുവജനോത്സവം നടക്കുന്ന സമയത്ത് കൊല്ലപ്പെട്ട ആര്‍ എസ് എസ് – ബി ജെ പി പ്രവര്‍ത്തകന്‍ സന്തോഷിന്റെ കൊലപാതകത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാതലത്തിലായിരുന്നു സര്‍വ്വകക്ഷി യോഗം നടന്നിരുന്നത്.
ആക്രമണത്തെ ആക്രമണം കൊണ്ട് നേരിടുന്ന കണ്ണൂര്‍ ശൈലിയില്‍ നിന്ന് പാര്‍ട്ടി പ്രവര്‍ത്തകരെ പിന്തിരിപ്പിക്കാന്‍ നേതാക്കള്‍ നടത്തിയ ശ്രമങ്ങളെ പോലും ക്ഷുഭിതരായി അണികള്‍ എതിര്‍ത്ത സംഭവങ്ങളും ഇതിനകം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന സര്‍വ്വകക്ഷിയോഗ തീരുമാനമായതിനാല്‍ പരമാവധി സംയമനം പാലിക്കാന്‍ സി പി എം ജില്ലാ നേതൃത്വം കീഴ്ഘടകങ്ങള്‍ക്ക് പ്രത്യേക നിര്‍ദ്ദേശം തന്നെ നല്‍കിയിരുന്നു.
എന്നാല്‍ മുഖ്യമന്ത്രിക്കെതിരെ, സമാധാന യോഗത്തിനു ശേഷവും സംഘ്പരിവാര്‍ സംഘടനകള്‍ സംസ്ഥാനത്തിന് പുറത്ത് കണ്ണൂരിനെ ചൂണ്ടിക്കാട്ടി പ്രതിഷേധം തുടരുന്നതില്‍ കടുത്ത അമര്‍ഷമാണ് പാര്‍ട്ടി അണികള്‍ക്കിടയിലുള്ളത്.
ഇപ്പോള്‍ ഷംസീറിന്റെ വീടിനു നേരെയുണ്ടായ പ്രകോപനവും ഭീഷണിയുമെല്ലാം സി പി എം അണികളെയും രോഷാകുലരാക്കിയിട്ടുണ്ട്.ഷംസീറിന് നേരെ ചെറിയ രൂപത്തിലുള്ള പ്രതികരണം പോലും ആര്‍ എസ് എസ് – ബി ജെ പി പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നുണ്ടായാല്‍ അത് വലിയ പ്രത്യാഘാതം തന്നെ ഉണ്ടാക്കുമെന്നത് ജില്ലയെ ഇപ്പോള്‍ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
സി പി എമ്മിന്റെ ജില്ലയിലെ ശക്തമായ മുഖമായ ഷംസീര്‍ ചാനല്‍ ചര്‍ച്ചകളില്‍ പോലും എതിരാളികളെ കടന്നാക്രമിച്ച് പാര്‍ട്ടി നിലപാട് വിശദീകരിക്കുന്ന നേതാവാണ്.മുന്‍പ് നിരവധി തവണ അദ്ദേഹത്തിനു നേരെ ഭീഷണി ഉണ്ടായിട്ടുണ്ടെങ്കിലും ഇപ്പോള്‍ വന്ന ഭീഷണിയെ സി പി എം നേതൃത്വം ചെറുതായി കാണുന്നില്ല.ആര്‍ എസ് എസിനു ധാരാളം പ്രവര്‍ത്തകര്‍ ഉള്ള പ്രദേശം കൂടിയാണ് തലശ്ശേരി എന്നതിനാല്‍ പാര്‍ട്ടി പ്രവര്‍ത്തകരോടും ജാഗ്രത പാലിക്കാന്‍ സി പി എം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.