
മഞ്ചേശ്വരം(big14news.com):തലപ്പാടി ടോൽ ബൂത്തിൽ പിരിവ് തുടങ്ങിയ കാരണം പറഞ്ഞ് കേരള,കർണാടക ആർ.ടി.സി ബസ്സുകൾ രണ്ട് രൂപ മുതൽ മൂന്ന് രൂപ നിരക്ക് വർധിപ്പിച്ചത് സാധാരണക്കാരനെ കൊള്ളയടിക്കുന്നതിന് തുല്യമാണെന്ന് മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് സൈഫുള്ള തങ്ങളും ജനറൽ സെക്രട്ടറി ഗോൽഡൻ റഹ്മാനും സംയുക്ത പത്ര പ്രസ്താവനയിൽ ആരോപിച്ചു.
ദേശസാൽകൃത റൂട്ടായ കാസർഗോഡ് മംഗലാപുരം റൂട്ടിൽ ഒരു തത്വദീക്ഷയുമില്ലാതെയാണ് നിരക്ക് വർധിപ്പിച്ചിരിക്കുന്നത്.കാസർഗോഡ് മുതൽ മഞ്ചേശ്വരം വരേയുള്ള മിക്ക ജനങ്ങളും ആശുപത്രി, സ്കൂൾ, കോളേജ് എന്നിവയ്ക്കെല്ലാം കൂടുതലായി അവലംഭിക്കുന്നത് മംഗലാപുരം നഗരത്തെയാണ്.
എൻഡോസൾഫാൻ ദുരിതബാധിതർ വരേ ഉൾപ്പെടും ഈ യാത്രക്കാരിൽ. ടോൾ പിരിവിന്റെ പേരിലുള്ള സർക്കാർ ബസ്സുകളുടെ ഈ കൊള്ള ഒരു നിലക്കും അനുവദിക്കാൻ സാധ്യമല്ല. യൂത്ത് ലീഗ് നിരക്ക് വർധന പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഗതാഗത മന്ത്രിക്ക് നിവേദനം ഫാക്സ് ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളിൽ നടപടിയുണ്ടായില്ലെങ്കിൽ യൂത്ത് ലീഗ് പ്രക്ഷോപത്തിനിറങ്ങുമെന്നും ഇരുവരും അറിയിച്ചു.