
ഉദുമ(big14news.com):രാജ്യത്തെ നിയമ സംവിധാനത്തിനു വില കൽപ്പിക്കാതെ തന്നിഷ്ടം പോലെ പ്രവർത്തിക്കുകയും വിദ്യാഭ്യാസത്തെ വാണിജ്യവൽക്കരിക്കുകയും ചെയ്ത് കൊണ്ടിരിക്കുന്ന സ്വാശ്രയ കോളേജുകളെ സർക്കാർ ഏറ്റെടുക്കണമെന്ന് എം എസ് എഫ് ദേശീയ സെക്രട്ടറി എൻ എ കരീം പറഞ്ഞു.ഉദുമ ഗവൺമെന്റ് കോളേജിൽ ചരിത്ര വിഭാഗം സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ നിലവിലുണ്ടായിരുന്ന സ്വാശയ നിയമം തൽപര കക്ഷികളുടെ സഹായത്തോടെ അട്ടിമറിക്കാനും, അതു വഴി തങ്ങളുടെ സാമ്പത്തിക താൽപര്യങ്ങൾ സംരക്ഷിക്കാനും, ഒരു വിഭാഗം ശ്രമം നടത്തുകയാണെന്നും, അറിഞ്ഞോ അറിയാതെയോ അധികാരികൾ അതിനു കൂട്ടുനിൽക്കുകയാണെന്നു സംശയിക്കേണ്ടി വരികയാണെന്നും കേരള ഉന്നതവിദ്യാഭ്യാസ കൗൺസിൽ അംഗം കൂടിയായിരുന്ന എൻ എ കരീം അഭിപ്രായപ്പെട്ടു .
ഇതിന്റെ ഉദാഹരണമാണു സിൻഡിക്കേറ്റും സർക്കാറിലെ തന്നെ ചിലരും രാജി വെക്കാൻ പറഞ്ഞിട്ടും തിരുവനന്തപുരം ലോ അക്കാദമി പ്രിൻസിപ്പൽ ലക്ഷ്മി നായർ രാജി വെക്കാനും അന്വേഷണം നേരിടാൻ തയ്യാറാവാത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാതി വഴിയിൽ പഠനം നിർത്തേണ്ടി വരികയോ തുടർന്നുള്ള പഠനം മറ്റൊരു കോളേജിലേക്ക് മാറ്റണം എന്ന് ആഗ്രഹിക്കുകയോ ചെയ്യുന്ന സ്വാശ്രയ സ്ഥാപനത്തിലെ കുട്ടികൾക്ക് മുഴുവൻ വർഷങ്ങളിലെയും ഫീസ് നൽകണം എന്ന നിയമം മാറ്റാൻ നിയമ നിർമ്മാണം നടത്താൻ സർക്കാർ മുന്നോട്ട് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ചടങ്ങിൽ ചരിത്ര വിഭാഗം അധ്യാപകൻ രൂപേഷ് എം ടി സ്വാഗതം പറഞ്ഞപ്പോൾ എച്ച് ഒ ഡി അനീഷ് അധ്യക്ഷതയും വഹിച്ചു. പ്രിൻസിപ്പൽ വിദ്യ കെ, മലയാളം അധ്യാപിക ഡോ അനഘ ബി കെ .ചരിത്ര വിഭാഗം അധ്യാപിക രഞ്ചിനി ബി, പി ടി എ വൈസ് പ്രസിഡന്റ് ഹമീദ് കെ.എം,ഹമീദ് സി ഐ എന്നിവർ സംസാരിച്ചു. ചരിത്ര വിഭാഗം അസോസിയേഷൻ സെക്രട്ടറി നജില കെ എച്ച് നന്ദിയും പറഞ്ഞു.