
തിരുവനന്തപുരം(big14news.com): പൊതുവിപണിയില്‍ അരിവില കുതിച്ചുയരുന്നു. മൂന്നു മുതല്‍ 15 രൂപ വരെയാണ് വിവിധ അരിയിനങ്ങള്‍ക്ക് വിലകൂടിയത്. ആന്ധ്രയില്‍ നിന്നുള്ള അരിയുടെ വരവ് ഗണ്യമായി കുറഞ്ഞതാണ് വില ഉയരാന്‍ കാരണം. മലയാളികള്‍ക്ക് ഏറ്റവും പ്രിയമുള്ള ജയ, സുലേഖ തുടങ്ങിയ അരികളുടെയും വിലയില്‍ വര്‍ധനയുണ്ട്. അതേസമയം, ആന്ധ്രയില്‍ നെല്ല് ഉത്പാദനം കുറഞ്ഞിട്ടുണ്ടെങ്കിലും കൃത്രിമമായി സൃഷ്ടിക്കുന്ന ക്ഷാമമാണ് വിലവര്‍ധനയ്ക്ക് യഥാര്‍ഥ കാരണമെന്ന് വ്യാപാരികള്‍ പറയുന്നു. ഒരു കിലോക്ക് 34 രൂപയായിരുന്ന ജയ അരിയുടെ ചില്ലറ വില്‍പന വില 42 ആയി ഉയര്‍ന്നു. സുലേഖ അരിയുടെ വില 36 ല്‍നിന്ന് 40 ലേക്ക് ഉയര്‍ന്നു. എല്ലാ അരി ഇനങ്ങള്‍ക്കും വില കുതിച്ചുകയറുകയാണ്.
സാധാരണക്കാരെ ഏറെ വലയ്ക്കുന്നതാണ് ഈ വിലക്കയറ്റം. ഡൊപ്പി അരിയുടെ വില 37 ല്‍ നിന്ന് 42 ലേക്കും, ചമ്പ 38 ല്‍ നിന്ന് 42ലേക്കും കൂടി. പൊന്നി അരിയുടെയും കൈമ ഉള്‍പ്പെടെയുള്ള വിവിധ ബിരിയാണി അരികളുടെയും വിലയാണ് ഏറ്റവും ഉയര്‍ന്നത്. പൊന്നിയുടെ വില 63 ആണ്. നേരത്തെ ഇത് 56 ആയിരുന്നു. കൈമ അരിയുടെ വില 85 ല്‍ നിന്ന് 100 ലേക്കാണ് ഉയര്‍ന്നത്.
ഗുജറാത്തില്‍ നിന്നും പഞ്ചാബില്‍ നിന്നും വരുന്ന ജയ അരിയോട് മലയാളികള്‍ക്കു പ്രിയം കുറവാണ്. മൂന്നുമാസമായി കാര്യമായി കുറഞ്ഞ ആന്ധ്ര അരിയുടെ ലഭ്യത ഫ്രെബ്രുവരിയിലെങ്കിലും മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ.