മാവോയിസ്റ്റ് വേട്ടയുടെ പേരില്‍ ആദിവാസികള്‍ക്കെതിരെ നടക്കുന്നത് ഞെട്ടിക്കുന്ന ക്രൂരത: മനുഷ്യാവകാശ കമ്മീഷന്‍

Share on Facebook
Tweet on Twitter

ഛത്തീസ്ഗഡ്(big14news.com):ഛത്തീസ്ഗഡിന്റെ വിവിധ ഭാഗങ്ങളില്‍ മാവോയിസ്റ്റ് വേട്ടയുടെ പേരില്‍ ആദിവാസികള്‍ക്കെതിരെ നടക്കുന്നത് ഞെട്ടിക്കുന്ന ക്രൂരതകളാണെന്ന് മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട്. പലയിടങ്ങളിലും ആദിവാസി യുവതികള്‍ക്കെതിരെ പോലീസ് കൂട്ടബലാത്സംഗം നടത്തുകയും ക്രൂരമായി ഉപദ്രവിക്കുകയും ചെയ്യുന്നതായി ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സ്ഥിരീകരിച്ചു. രണ്ട് വര്‍ഷം മുന്‍പ് ദേശീയ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണം നടത്തിയത്.

മാവോയിസ്റ്റുകളെ തേടി പോലീസും അര്‍ദ്ധ സൈനിക വിഭാഗവുമാണ് ആദിവാസി ഊരുകളില്‍ എത്തുന്നത്. ഛത്തീസ്ഗഡിലെ ബീജാപൂര്‍ ജില്ലയിലെ ഗ്രാമങ്ങളിലാണ് പോലീസിന്റെ ഇത്തരത്തിലുള്ള ക്രൂരത നടക്കുന്നത്. പോലീസിന്റെ നേതൃത്വത്തില്‍ ക്രൂരമായ പീഡനങ്ങള്‍ അരങ്ങേറിയിട്ടും കളക്ടര്‍ അടക്കം ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെടാനോ പീഡനം അന്വേഷിക്കാനോ തയ്യാറായിട്ടില്ല. പൊലീസിന്റെ പീഡനങ്ങള്‍ക്ക് ഇരകളായ നിരവധി പെണ്‍കുട്ടികളും, അമ്മമാരും, വൃദ്ധകളും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ജീവിക്കുന്നു.