
കഥ(big14news.com):മൊബൈലിന്റെ നീണ്ട മണിയടി ശബ്ദം കേട്ടാണു അവള്‍ അടുക്കളയില്‍ നിന്നോടിയെത്തിയത്. പാതിയില്‍ മുറിഞ്ഞ ആ കാള്‍ വീണ്ടും ആവര്‍ത്തിക്കപ്പെട്ടു. അതെടുത്ത് ചെവിയോടു ചേര്‍ക്കുമ്പോള്‍ അവളറിഞ്ഞിരുന്നില്ല തന്നെ ഒരിക്കല്‍ തകര്‍ത്ത് കളഞ്ഞവന്റെ ഫോണ്‍ കോളായിരുന്നു അതെന്ന്.
ഹലോ പ്രിയാ ഇതു ഞാനാ അരുണ്‍
പ്രിയേടെ ഹൃദയം പെരുമ്പറ കൊട്ടി തുടങ്ങി. അവള്‍ തിരിച്ചൊന്നും മിണ്ടിയതേയില്ല
പ്രിയാ നീ കേള്‍ക്കുന്നുണ്ടോ?
മ്മ് എന്താ വേണ്ടത്?
ഞാന്‍ നിന്നെ കുറ്റപ്പെടുത്താനൊന്നും വിളിച്ചതല്ല. ന്റെ വിവാഹമാണു അടുത്ത മാസം 21 ന്. അതൊന്നു അറിയിക്കാനായി മാത്രം. ഒക്കെ,നന്നായി. ശരി എനിക്ക് തിരക്കുണ്ട്. ആശംസകള്‍.
ഫോണ്‍ ബെഡ്ഡിലേക്കിട്ട്, പ്രിയ അടുക്കളയിലേക്കെത്തി. തിളച്ച എണ്ണയിലേക്ക് പഴം മാവില്‍ മുക്കി ഇട്ടു കൊണ്ടവള്‍ ആ പഴയ കാലത്തേക്ക് ഒന്ന് വിരുന്ന് പോയി. നീരാളിപ്പിടുത്തത്തിന്റെ കൈകളില്‍ ഉടഞ്ഞു പോയ അവളുടെ സത്യസന്ധമായ പ്രണയം, അഗ്‌നിശാഖിയായി പടര്‍ന്നു കയറി ജീവനായവന്‍.
ആദ്യ പ്രണയത്തിന്റെ മധു നുകരാന്‍ ഏകദേശം രണ്ടു മാസത്തോളമേ അവള്‍ക്ക് സാധിച്ചുള്ളൂ. ഒരു നോക്കു കാണാന്‍ അവന്‍ വരുമെന്ന് വെറുതേ നിനച്ചവള്‍ കാത്തിരുന്നത് മാസങ്ങളോളം. ഒടുവില്‍ അവള്‍ ഒരുങ്ങി അവനായി പുറപ്പെട്ടപ്പോള്‍ പച്ച തേച്ച ചിരിയുമായി അവന്റെ ആഗമനം.
ഭ്രാന്തമായ അവന്റെ സ്‌നേഹത്തിനവള്‍ പതുക്കെ പതുക്കെ അടിമയായി. പതിയെ അവള്‍ തിരിച്ചറിയുകപ്പെടുകയായിരുന്നു സ്‌നേഹമെന്ന കൂടുണ്ടാക്കി അവന്‍ അവളെ അതിനുള്ളില്‍ തളയ്ക്കാന്‍ ശ്രമിക്കുന്നത്.
ആണ്‍ സുഹൃത്തുക്കള്‍ക്ക് എന്നന്നേക്കുമായി വിലങ്ങു വീണു. ഒരിക്കല്‍ വഴിയില്‍ നിന്ന് തന്നെ ആരോ കമന്റടിച്ചത്, ഒരു പരാതി പോല്‍ അവളൊരിക്കല്‍ അവന്റെ കാതിലെത്തിച്ചു. നീ അയാളെ ആദ്യം നോക്കി കാണും.അല്ലെങ്കില്‍ നിന്റെ ഡ്രെസ്സിങ്ങ് ആ വിധമായിരിക്കുമെന്ന് പറഞ്ഞ് പെണ്‍കുലത്തെപ്പോലും അവന്‍ അടച്ചാക്ഷേപിച്ചു.
അന്ന് ഞെട്ടിത്തരിച്ചതില്‍ നിന്നുമവള്‍ മനസ്സിലാക്കി ഇതൊരു ഊരാകുടുക്കായി മാറും മുന്നേ വഴി മാറണം.പണത്തിനു വേണ്ടി പരക്കം പായുമ്പോള്‍ അവന്‍ പലപ്പോഴും അവളൂടെ സ്വര്‍ണ്ണങ്ങള്‍ ഊരി വാങ്ങി. എങ്ങെനെയെങ്കിലും ഒന്നു രക്ഷപ്പെടണം ഈ പ്രണയത്തില്‍ നിന്ന്.
അവന്റെ ഓരോ ഫോണ്‍ കോളുകളും അവളില്‍ ഭീതിമുളപ്പിച്ചു. താനുള്‍പ്പെടുന്ന സ്ത്രീ വര്‍ഗ്ഗത്തെ അവന്‍ പലപ്പോഴും വികൃതമാക്കി ചിത്രീകരിച്ചു. ചിത്ര രചനയും നൃത്തവുമായി നടന്ന അവളെ അവന്‍ എല്ലാത്തിലും നിന്നും വിലക്കി. സ്ത്രീ ജനിച്ചത് പുരുഷനു വിവാഹം മാത്രം കഴിക്കാനും അവന്റെ കുഞ്ഞുങ്ങളെ പെറ്റുപോറ്റാനും മാത്രമാണെന്ന് അവന്‍ ദിവസേന വിളിച്ച് കൂവി.
പല രാത്രികളും അവള്‍ കരഞ്ഞു തളര്‍ന്നു മയങ്ങി. ഒരുപാടു കരയുമ്പോള്‍ അവന്‍ കുനിഞ്ഞ മുഖത്തോടെ ഫോണിലൂടെ ക്ഷമാപണം നടത്തി. പക്ഷേ, പിറ്റേന്നും പതിവ് പല്ലവിക്ക് മാത്രം കോട്ടമൊന്നും തട്ടിയില്ല. താന്‍ ജീവിച്ചിരിക്കുന്നതില്‍ അവള്‍ക്ക് സ്വയം പുച്ഛം തോന്നി തുടങ്ങി.
ഒന്നുകില്‍ ഇതില്‍ നിന്നു രക്ഷപ്പെടണം അല്ലെങ്കില്‍ താന്‍ മരിക്കണം. കരഞ്ഞു കരഞ്ഞു കണ്ണുകള്‍ കുഴിഞ്ഞു. മനസ്സു ചത്ത് ഓജസ്സും തേജസ്സുമില്ലാത്തവളായി അവള്‍ മാറി. എന്നിട്ടും പലപ്പോഴും ക്ഷമയുടെ നെല്ലിപ്പലകകള്‍ കണ്ട് അവള്‍ വീണ്ടും വീണ്ടും അവനു നേരെയാവാന്‍ അവസരങ്ങള്‍ നല്‍കി. ഒന്നും വിലപ്പോയില്ല. ഒരിക്കലും ക്ഷമിക്കാന്‍ പറ്റാത്ത വിധം സംശയ രോഗം അവനില്‍ പെരുകി. പലരേയും തന്നേയും ചേര്‍ത്ത് അവന്‍ കഥകള്‍ മെനഞ്ഞ് തന്റെ നേര്‍ക്ക് അട്ടഹസിച്ചു.
ഒരിക്കല്‍ താന്‍ തിരിച്ച് പ്രതികരിച്ചു. ഇനി ഞാന്‍ നിനക്കില്ല എന്ന് പറഞ്ഞു തിരിഞ്ഞു നടന്നു. സന്തോഷമായി നടന്ന ഒരു പെണ്ണിന്റെ ചിറകരിഞ്ഞു വീഴ്ത്തിയ അവന്‍, എന്നിട്ടും അവളെ പലനാള്‍ ഉപദ്രവിച്ചു കൊണ്ടേയിരുന്നു കോളുകളും മെസേജുകളും വഴി. അവന്റെ പ്രണയം ഒരു പക്ഷേ പരിശുദ്ധമായിരുന്നിരിക്കാം
കാരണം ഈ ഇരുപതാം നൂറ്റാണ്ടിലും അവന്‍ അവളുടെ ഒരു വിരല്‍ തുമ്പ് പോലും സ്പര്‍ശിച്ചിട്ടില്ല. അവന്റെ ചിന്തകളില്‍, ഒരു സ്വര്‍ണ്ണ കൂട്ടില്‍ അടച്ചിട്ട് മൂന്നു നേരം ഭക്ഷണം മാത്രം കഴിക്കാന്‍ വിധിക്കപ്പെട്ടവളായിരുന്നു അവള്‍. ആ കൂട്ടില്‍ നിന്നും ചിറകു വിടര്‍ത്തി അവള്‍ പറന്നു.അവന്‍ പ്രതീക്ഷിക്കാത്തതിനപ്പുറം.
ഉരുകി തീര്‍ന്ന ആ സമയത്തായിരുന്നു അവള്‍ക്കൊരു വിവാഹാലോചന വന്നത്. ചാടിക്കേറി അതിനു സമ്മതിക്കുമ്പോള്‍ ചൂടു വെള്ളത്തില്‍ വീണ ഒരു പൂച്ചയായിരുന്നവള്‍, താന്‍ അനുഭവിച്ച മനോവ്യഥയില്‍ കൂടുതല്‍ ഇനി ഒന്നുമില്ല എന്നു മനസ്സിനെ പറഞ്ഞു വിശ്വസിപ്പിച്ച് അവളാ ജീവിതത്തിലേക്ക് കാലൂന്നി.
തന്റെ മനോവിചാരങ്ങളെയൊക്കെ കാറ്റില്‍ പറത്തിക്കൊണ്ടാണു മനു ഏട്ടന്‍ തന്റെ ജീവിതത്തിലേക്ക് കടന്നു വന്നതെന്ന് പ്രിയ മനസ്സിലാക്കിയത് വിവാഹം കഴിഞ്ഞ് ഒരാഴ്ച്ചയ്ക്ക് ശേഷം ആയിരുന്നു. അന്നു വീട്ടിലേക്ക് കയറി വന്ന മനു ഏട്ടന്‍ കാന്‍വാസും കുറേ ചായക്കൂട്ടുകളും സമ്മാനിച്ചു കൊണ്ട് പറഞ്ഞു എനിക്കറിയാം നിനക്കെന്തൊക്കെയോ വിഷമങ്ങള്‍ ഉണ്ടെന്ന് പറ്റുമെങ്കില്‍ എന്നോട് പറയാം.
പക്ഷേ ഇനി ഇവിടെ ഇരുന്ന് വരച്ചോണം. ഒരു നാള്‍ മരിച്ച് സ്വര്‍ഗത്തില്‍ പോകുംമ്പോൾ ദൈവം എന്നോട് ചോദിക്കില്ലേ? ഒരു കലാകാരിയെ നീ അടുക്കളയില്‍ തളച്ചിട്ടല്ലേന്നു അതും പറഞ്ഞയാള്‍ പൊട്ടിച്ചിരിച്ചു. അവളും ആ ചിരിയില്‍ പതുക്കെ കൂടെ ചേര്‍ന്നു.
ന്റെ കുട്ടിക്ക് ഇഷ്ടം ഉണ്ടാകുമ്പോ വരയ്ക്കാം. എന്ത് വിഷമം ഉണ്ടേലും ന്നോട് പറയാം. എന്നും സന്തോഷായിട്ടിരിക്കണമെന്നു പറഞ്ഞ് നെറുകയില്‍ ചുംബിച്ചപ്പോഴേക്കും ന്റെ കണ്ണുനീര്‍ അടര്‍ന്ന് വീണു തുടങ്ങീരുന്നു.
കരയ്യാ നീ?? നിനക്ക് ഞാനുണ്ടാകും എന്നും.
ആ പറഞ്ഞ വാക്ക് മനു ഏട്ടന്‍ പാലിച്ചു ഇന്നു വരേയും വാക്കുകള്‍ കൊണ്ട് വേദനിപ്പിച്ചിട്ടില്ല.ഒന്ന് പിണങ്ങാന്‍ സമ്മതിച്ചിട്ടില്ല. പതിയെ അരുണിന്റെ കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ എല്ലാം മറക്കാന്‍ പറഞ്ഞു.എല്ലാത്തിനും കൂടെ നിന്നു.അടുത്താഴ്ച്ച നഗരത്തില്‍ തന്റെ ചിത്രങ്ങള്‍ വച്ചു കൊണ്ടുള്ള എക്‌സിബിഷന്‍ ഒരുക്കാനായി ഓടി നടക്കുവാണിപ്പോ
ഈശ്വരാ ഇന്നീ കരിഞ്ഞ പഴം പൊരിയാണോടീ എനിക്ക് ചായയ്ക്ക്? ഇതിപ്പോ ന്താ കഥ? ആരെ സ്വപ്നം കാണുവാ?
എന്നും ചോദിച്ചോണ്ട് മനു കയറി വന്നു
അത് മനു ഏട്ടാ, ഞാന്‍, അവളുടെ മുഖം കണ്ടപ്പോള്‍ രംഗം അത്ര പന്തിയല്ല എന്നു മനുവിനു മനസ്സിലായി
ന്താടാ?
അവന്‍ വിളിച്ചിരുന്നു അരുണ്‍, കല്ല്യാണാത്രെ അത് പറയാന്‍
ആഹാ..അപ്പൊ മ്മക്ക് പോണോല്ലോ. എക്‌സിബിഷനിലേക്കുളളതില്‍ നിന്ന് ഒരു ചിത്രം മാറ്റി വെക്കണം
ന്തിനാ? അവളൂടെ മുഖം ചുവന്നു
അവനു ഗിഫ്റ്റായി കൊടുക്കാന്‍. അവന്‍ കാണട്ടേടീ എന്റെ ഭാര്യേടെ കഴിവ്. ഇതും പറഞ്ഞയാള്‍ ചിരിച്ചു കൊണ്ടവളെ തന്നിലേക്ക് ചേര്‍ത്തു
ദേ.. മനുവേട്ടാ… അവളൊരു കപട ദേഷ്യം കാട്ടി അവന്റെ നെഞ്ചിലിടിച്ച് കൊണ്ടേയിരുന്നു.