അവയവമായിരുന്നു അറിഞ്ഞില്ലല്ലോ! മനുഷ്യ ശരീരത്തിലെ 79- כо അവയവമായി മെസന്ററി

Share on Facebook
Tweet on Twitter

ലണ്ടന്‍(big14news.com): മനുഷ്യ ശരീരത്തില്‍ ഒരു അവയവം കൂടി. കുടലിനെ ഉദര ഭിത്തിയോടു ചേര്‍ത്തു നിര്‍ത്തുന്ന പെരിറ്റോണിയ (ഉദസ്തരം)ത്തില്‍ ഉള്ള മെസന്റെറി ആണ് അവയവമായി ഉയര്‍ത്തപ്പെട്ടത്. ശരീരശാസ്ത്രം സംബന്ധിച്ച ഏറ്റവും ആധികാരിക പാഠപുസ്തകമായ ഗ്രേ’സ് അനാട്ടമി ഈ അവയവത്തെക്കുറിച്ചുള്ള കണ്ടെത്തലുകള്‍ ഉള്‍പ്പെടുത്തി പരിഷ്കരിച്ച പതിപ്പ് ഇറക്കി.

ചില സര്‍വകലാശാലകളും മെഡിക്കല്‍ കോളജുകളും കഴിഞ്ഞ വര്‍ഷം തന്നെ മെസന്റെറിയെ അവയവമായി അംഗീകരിച്ചു പഠിപ്പിച്ചു തുടങ്ങിയിരുന്നു.അയര്‍ലന്‍ഡിലെ ലിമെറിക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ ജെ. കാല്‍വിന്‍ കോഫിയാണ് ഈ കണ്ടെത്തല്‍ നടത്തിയ ഗവേഷക സംഘത്തിന്റെ തലവന്‍.

ഗവേഷണ പ്രബന്ധം ദ ലാന്‍സെറ്റ് ഗാസ്ട്രോ എന്ററോളജി ആന്‍ഡ് ഹെപ്പാറ്റോളജി എന്ന ആധികാരിക പ്രസിദ്ധീകരണത്തില്‍ പ്രസിദ്ധപ്പെടുത്തി.വന്‍കുടലിനോടും ചെറുകുടലിനോടും ചേര്‍ന്നു കാണപ്പെടുന്നതാണ് ഈ അവയവം. പെരിറ്റോണിയത്തിലെ ഇരട്ട മടക്കിലുള്ള ഇതു പല കഷണങ്ങളല്ലെന്നും ഒരൊറ്റ അവയവമാണെന്നും സൂക്ഷ്മദര്‍ശിനിയിലൂടെയുള്ള നിരീക്ഷണത്തില്‍ ഐറിഷ് സംഘം മനസിലാക്കി.

ലെയണാര്‍ദോ ഡാവിഞ്ചിയുടെ കാലം മുതല്‍ ശരീര പഠനങ്ങളില്‍ ഇതേപ്പറ്റി പരാമര്‍ശമുണ്ടെങ്കിലും പ്രസക്തമായ എന്തെങ്കിലും ചെയ്യുന്ന ഒന്നായി ഇതിനെ കണ്ടിരുന്നില്ല.ഐറിഷ് സംഘം അഞ്ചു വര്‍ഷത്തെ ഗവേഷണ ഫലമായാണ് മെസന്റെറിയെ അവയവ നിലവാരമുള്ള ഭാഗമായി വിശദീകരിച്ചത്. ദഹന പ്രക്രിയയില്‍ ഇതിന്റെ പങ്ക് ഇനിയും കണ്ടെത്തണം. അതു വഴി ഉദര രോഗങ്ങളിലെ ഇതിന്റെ പങ്കും മനസിലാക്കാം.