
മുംബൈ(big14news.com): കള്ളപ്പണവും, അഴിമതിയും നിര്‍ത്തലാക്കാന്‍ പദ്ധതികളുമായി രംഗത്തിറങ്ങിയ എന്‍.ഡി.എ സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി ശിവസേന. കള്ളപ്പണത്തിനെതിരെ നടത്തുന്ന നടപടികള്‍ രാജ്യത്തെ ഹിന്ദു സമൂഹത്തെ ദ്രോഹിക്കലായി മാറുന്നുവെന്നാണ് ശിവസേനയുടെ ആരോപണം.
എന്നാല്‍ ത്രയംബകേശ്വര്‍ ക്ഷേത്രത്തിലെ പൂജാരിക്കെതിരെ തിരിഞ്ഞാല്‍ ആദായ നികുതി വകുപ്പിന് രൂക്ഷമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും ശിവസേന പറഞ്ഞു. മുഖപത്രം സാംനയില്‍ നല്‍കിയ എഡിറ്റോറിയലിലാണ് ഇക്കാര്യം പറഞ്ഞത്.
കണക്കില്‍ പെടാത്ത പണത്തിന്റെ പേരില്‍ നാസിക്കിലെ ത്രയംബകേശ്വര്‍ ക്ഷേത്രത്തിലെ രണ്ടു പ്രമുഖ തന്ത്രിമാര്‍ക്കും മറ്റ് ഒന്‍പത് പേര്‍ക്കും ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചിരുന്നു.
രണ്ടു പൂജാരിമാര്‍ക്കും കൂടി 2.3 കോടി രൂപ അനധികൃത വരുമാനമുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നായിരുന്നു നോട്ടീസ്. മതേതരത്വം കാണിക്കാന്‍ വേണ്ടി മോഡി സര്‍ക്കാര്‍ ലക്ഷ്യമിട്ടിരിക്കുന്നത് ഹിന്ദു പൂജാരികളെയാണ്. കോണ്‍ഗ്രസിന്റെയും ലാലു പ്രസാദ് യാദവിന്റെയും മുലായം സിംഗിന്റെയും മതേതരത്വത്തേക്കാള്‍ ഒരു പടി കൂടി ബിജെപി കടന്നിരിക്കുകയാണെന്നും പറഞ്ഞു.
കള്ളപ്പണം പിടികൂടുന്നതിനെ തങ്ങള്‍ എതിര്‍ക്കുന്നില്ല. എന്നാല്‍ അതിന്റെ പേരില്‍ ഹിന്ദു സമൂഹത്തെ ബലിയാടാക്കുന്നതിനെ എതിര്‍ക്കും. ക്ഷേത്രങ്ങള്‍ക്കെതിരേ എടുത്ത ഇതേ നടപടി തന്നെ വിനിമയത്തിനായി ധാരാളമായി വിദേശ പണം എത്തുന്ന പള്ളികള്‍ക്കും മദ്രസകള്‍ക്കും മോസ്‌ക്കുകള്‍ക്കും നേരെ എടുക്കാനുള്ള ധൈര്യം എന്തു കൊണ്ടാണ് ആദായ നികുതി വകുപ്പിനില്ലാത്തതെന്നും ചോദിച്ചു.