കെ.എസ്.ആര്‍.ടി.സി ബ്ലോഗിനോട് ഏമാന്‍മാര്‍ക്കെന്താണാവോ ഇത്ര കലിപ്പ്?

Share on Facebook
Tweet on Twitter
ലേഖനം (big14news.com):കെ.എസ്.ആര്‍.ടി.സി ബ്ലോഗെന്നു കേട്ടാല്‍ കലി തുള്ളുന്ന ഏമാന്മാര്‍ വീണ്ടും തനി നിറം കാട്ടി. ഇത്തവണ കലിപ്പിന് ഇരയായത് ഒരു പാവം ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറാണ്. കട്ടപ്പനക്കാരനായ ഫോട്ടോഗ്രാഫര്‍ ബാബു കെ.എസ് .ആര്‍.ടി.സി ബ്ലോഗിനു വേണ്ടി ശബരി എക്‌സ്പ്രസ്സ് എന്ന ബസിന്റെ ചിത്രങ്ങള്‍ പകര്‍ത്താനാണ് നവംബര്‍ 18 നു രാവിലെയാണ് പമ്പയിലെത്തിയത്.
പമ്പയിലെ സ്റ്റാന്റില്‍ പുള്ളി ഫോട്ടോ പകര്‍ത്തുമ്പോള്‍ ശബരി എക്‌സ്പ്രസിലെ ഡ്രൈവറന്മാര്‍ ഹെഡ്ലൈറ്റൊക്കെ ഇട്ടു കൊടുത്ത്, പടം ഉഷാറാക്കി. ഒന്ന് രണ്ടു വോള്‍വോ ബസുകളുടെയും ചിത്രങ്ങള്‍ ബാബു അതേ നില്‍പ്പില്‍ പകര്‍ത്തി. അഞ്ചു മിനിട്ടു കഴിഞ്ഞപ്പോള്‍ ക്യാമറാ കാഴ്ച മറച്ചു കൊണ്ട് തൊട്ട് മുന്നില്‍ ടണ്‍ കണക്കിന് ചോദ്യവുമായി ദാ ഒരു സെക്യൂരിറ്റി ഏമാന്‍. ‘താന്‍ ആരാ തനിക്ക് എന്ത് വേണം.. ‘ തുടങ്ങിയ രായമാണിക്യം സ്‌റ്റൈല്‍ ചോദ്യങ്ങളുമായി പുള്ളി തകര്‍ക്കുയാണ്. ഇത് കേട്ട് അയ്യപ്പന്മാരുള്‍പ്പടെയുള്ള യാത്രക്കാരൊക്കെ ബാബുവിന് പിന്തുണയുമായി ചുറ്റും കൂടി; കാരണം ബാബു ആരുടെയും മാല പറിക്കുകയോ പോക്കറ്റടിക്കുകയോ ചെയ്തില്ല എന്നതു തന്നെ.
‘ഞാന്‍ കെ.എസ് .ആര്‍.ടി.സി ബ്ലോഗിനു വേണ്ടി പടങ്ങള്‍ എടുക്കാന്‍ വന്നതാണ്’ എന്ന് പറഞ്ഞപ്പോള്‍ തന്നെ ബാബുവിനെ മറ്റൊരു സാറിന്റടുത്തേക്ക് സെക്യൂരിറ്റി കൂട്ടികൊണ്ടു പോയി. ആ സാറും ഇന്‍സ്പെക്ടര്‍ ബല്‍റാം മോഡലിലെ ചോദ്യം ചെയ്യല്‍ തുടങ്ങി; ഇതിനിടെ അസ്ത്രം പോലൊരു ചോദ്യം ആ സാര്‍ എയ്തു ‘അല്ല ആരാ ഈ ബ്ലോഗിന്റെ അഡ്മിന്‍ ?’ബാബു വിനയാന്വിതനായി ആ പേര് മൊഴിഞ്ഞു ‘സുജിത് ഭക്തന്‍’ അതോടെ സംഗതി കൈ വിട്ടു. ‘തനിക്കറിയില്ലേ ആ ബ്ലോഗ് ഞങ്ങള്‍ക്കെതിരാണെന്നു?’… ‘എങ്ങനെ..എപ്പോ ‘ എന്നൊക്കെ ബാബുവിന് ആത്മഗതമായി വന്നെങ്കിലും അത് പുറത്ത് വരാന്‍ സാറന്മാര്‍ സമയം കൊടുത്തില്ല.
പിന്നാലെ പോലീസെത്തി ബാബുവിന്റെ ബാഗും മറ്റും വിശദമായി പരിശോധിച്ചു. കണ്ടാല്‍ ഭീകരനാണെന്നു തോന്നുമെങ്കിലും സ്വതവേ നിഷ്‌കളങ്കനായ ബാബു ബാഗും കാമറയില്‍ അതുവരെ പകര്‍ത്തിയ ചിത്രങ്ങളും ആ സാറിനു കാട്ടിക്കൊടുത്തു. പമ്പ പോലീസ് സ്റ്റേഷനില്‍ എത്തിച്ച ബാബുവിന്റെ ഫോണ്‍ വാങ്ങി അടുത്തിടെ വിളിച്ച കാളുകള്‍, കോണ്ടാക്ട് ലിസ്റ്റ് ഒക്കെ അരിച്ചു പെറുക്കി. വര്‍ദ്ധിത ശുഷ്‌കാന്തിയോടെ ആ സാറന്മാര്‍ പരിശോധിച്ചു. 3.15 മുതല്‍ 5 മണി വരെ സ്റ്റേഷനില്‍ പിടിച്ചിരുത്തി ‘തിരിച്ചും മറിച്ചും ചോദിച്ചിട്ടും കെ.എസ്.ആര്‍.ടി.സി ബ്ലോഗിനു വേണ്ടി ശബരി എക്‌സ്പ്രസ്സ് എന്ന പുതിയ ബസിന്റെ ചിത്രങ്ങള്‍ പകര്‍ത്താനാണ് ‘ എന്ന മറുപടി കേട്ട് പ്രാന്തായി ബാബുവിനെ അവസാനം പോകാന്‍ അനുവദിച്ചതായി കേള്‍ക്കുന്നു.
എങ്കിലും എന്റെ സുജിത് ഭക്താ നിങ്ങളെങ്ങാനും നേരിട്ട് പമ്പയില്‍ പോയിരുന്നേല്‍ ബാക്കി കിട്ടില്ലാരുന്നല്ലോ എന്നോര്‍ത്ത് പോകുവാ ഞാന്‍. ഈ കെ.എസ് .ആര്‍.ടി.സി ഏമാന്മാര്‍ക്ക് എന്തരാണ് ‘ കലിപ്പുകളും മറ്റും ഇതുവരെയും തീരണില്ലല്ലോ’. അല്ലേലും നിങ്ങള്‍ക്കിത് തന്നെ വേണം ‘നാല് വീലും പഞ്ചറായ വെള്ളാനയെ ഞാനും എനിക്കൊപ്പമുള്ള കുറെ പേരും ചേര്‍ന്ന് ഇന്റര്‍നെറ്റില്‍ കയ്യൊന്നു വച്ചു..തള്ളിക്കൊടുത്തു…അവസാനം ഓടിത്തുടങ്ങീ… കയ്യൊന്നു പൊക്കി..അവരന്റെ വായങ്ങ് പൊത്തീ …’ ഈ പൂമരപാട്ടും പാടി തമ്പാനൂര്‍ കെ.എസ് .ആര്‍.ടി.സി ഗാരെജിന് മുന്നിലൂടെ ഭക്തന്‍ നടക്കരുത്. നടക്കാന്‍ നുമ്മ സമ്മതിക്കൂലാ ..ആരെതിര്‍ത്താലും…
SHARE
Facebook
Twitter
Previous articleകൊടിഞ്ഞിയില്‍ യുവാവ് വെട്ടേറ്റ് മരിച്ച സംഭവം:കൃത്യം നടത്തിയത് തീവ്ര ഹിന്ദു സംഘടനയെന്ന് പൊലീസ്
Next articleപി.എസ്.സി ഓറിയന്റേഷന്‍ പ്രോഗ്രാം സംഘടിപ്പിച്ചു