
ന്യൂഡല്‍ഹി(big14news.com): കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് പിന്‍വലിക്കല്‍ തീരുമാനത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ വ്യാപാര മേഖലയില്‍ പഴം പച്ചക്കറി വിഭാഗം കൂപ്പുകുത്തി. ഏഷ്യയിലെ ഏറ്റവും വലിയ പഴം പച്ചക്കറി മാര്‍ക്കറ്റാണ് ദില്ലിയിലെ ആസാദ്പൂര്‍ മണ്ടി. 25000 ടണ്‍ വരെ പഴം, പച്ചക്കറി വില്‍പ്പന നടക്കാറുള്ള മാര്‍ക്കറ്റ്. ബിഹാര്‍, ഹരിയാന, യു പി എന്നിവിടങ്ങളില്‍ നിന്നും പഴം, പച്ചക്കറികള്‍ എത്തിക്കുന്ന നൂറു കണക്കിനു കര്‍ഷകരെയും തൊഴിലാളികളെയും ഇവിടെ കാണാം.
എന്നാല്‍ 500,1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതോടെ കച്ചവടം 70 ശതമാനത്തോളം കുത്തനെ ഇടിഞ്ഞു. വിളയിറക്കണ്ട സമയമായിട്ടും കര്‍ഷകര്‍ക്ക് പണം നല്‍കാന്‍ വിതരണക്കാര്‍ക്കും സാധിക്കുന്നില്ല.പ്രാഥമിക വിദ്യാഭ്യാസം പോലും നേടാന്‍ കഴിയാത്ത, ബാങ്ക് അക്കൗണ്ട് എന്താണ് എന്നു പോലും അറിയാത്തവരാണ് ദിവസ കൂലിക്കാരായ തൊഴിലാളികള്‍.
അക്കൗണ്ട് ഉള്ള തൊഴിലാളികള്‍ അത് സ്വദേശമായ ബീഹാറിലും പഞ്ചാബിലും ആണെന്നത് ചൂണ്ടിക്കാട്ടുന്നു. കൈയില്‍ സൂക്ഷിച്ചിരിക്കുന്ന പഴയ നോട്ടിന് കമ്മീഷന് ഈടാക്കി പുതിയ നോട്ടുകള്‍ നല്‍കുന്ന മാഫിയകളും ആസാദ്പൂര്‍ മണ്ടി മാര്‍ക്കറ്റില്‍ സജീവമായി കഴിഞ്ഞു.
പച്ചക്കറി സ്വീകരിക്കാന്‍ വിതരണക്കാര്‍ മടിക്കുകയാണ്.ഇതോടെ വിളയിറക്കാന്‍ പോലും ആകാതെ കര്‍ഷകരുടെ ദുരിദം വര്‍ധിച്ചു. ബാങ്ക് അക്കൗണ്ടുകള്‍ ഇല്ലാത്തതിനാല്‍ കൈയ്യില്‍ തന്നെ പണം സൂക്ഷിച്ചിരുന്ന ദിവസ കൂലിക്കാര്‍ എന്തു ചെയ്യണമെന്ന് അറിയാതെ നട്ടം തിരിയുകയാണ്.