
കാസറഗോഡ്(big14news.com): റോഡപകടങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന പശ്ചാത്തലത്തില്‍ ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും ട്രാഫിക് ക്രമീകരണ സമിതി രൂപീകരിക്കുന്നതിനുള്ള പ്രഥമ യോഗം ഡിസംബര്‍ 15നകം വിളിച്ച് ചേര്‍ക്കുവാന്‍ തീരുമാനിച്ചതായി ആര്‍ ടി ഒ അറിയിച്ചു.
ട്രാഫിക് ക്രമീകരണ സമിതിയില്‍ ബന്ധപ്പെട്ട പഞ്ചായത്ത്, നഗരസഭ തലവന്‍ അധ്യക്ഷനായിരിക്കും. പൊതു നിരത്തിലൂടെ സഞ്ചരിക്കുന്നവരുടെ ശ്രദ്ധ തിരിക്കാനോ അവര്‍ക്ക് അപകടകരമാകാനോ സാധ്യതയുളള രീതിയില്‍ ഏതെങ്കിലും വസ്തുവില്‍ കാണപ്പെടുന്ന കമാനം, തോരണം, ബാനര്‍, ഖനനം, പടക്കം പൊട്ടിക്കല്‍, പട്ടം പറപ്പിക്കല്‍, കരിമരുന്നു പ്രയോഗം എന്നിവ ക്രമീകരിക്കുകയും ആവശ്യമെങ്കില്‍ നീക്കം ചെയ്യുകയും ചെയ്യുന്നതിന് സമിതി നിര്‍ദ്ദേശം നല്‍കും.
തെരുവുകളിലൂടെ തടി, കഴ, ഏണി, ഇരുമ്പു പാളി, ബീമുകള്‍, ദണ്ഡുകള്‍, ബോയിലറുകള്‍, കമ്പി, മണ്ണ്, കൈകാര്യം ചെയ്യാന്‍ പ്രയാസമുള്ള മറ്റു വസ്തുക്കള്‍ എന്നിവ കൊണ്ടു പോകുന്നതിന്റെ വിധവും രീതിയും ക്രമീകരിക്കും. റോഡ് ഉപയോഗിക്കുന്നവര്‍ക്ക് അപകടമുണ്ടാക്കുന്ന സ്‌ഫോടക വസ്തുക്കളോ അല്ലെങ്കില്‍ ഹാനികരമായ രാസ വസ്തുക്കളോ പൊതുസ്ഥലങ്ങളിലൂടെ കൊണ്ടു പോകുന്നത് ക്രമീകരിക്കുക. നിലം പതിക്കാന്‍ പോകുന്ന കെട്ടിടങ്ങളില്‍ നിന്നോ മറ്റു കാരണങ്ങളാലോ ഉള്ള അപകടം ഉണ്ടാകുമെന്ന് ന്യായമായ ബോധ്യമുള്ള സാഹചര്യങ്ങളില്‍ ചില തെരുവുകള്‍ അടച്ചിടുകയോ ചില സ്ഥലങ്ങളിലേക്ക് ആരും പ്രവേശിക്കരുതെന്ന് നിഷ്‌കര്‍ഷിക്കുകയോ ചെയ്യുക. റോഡരികില്‍ സ്ഥിതി ചെയ്യുന്ന സ്വകാര്യ കെട്ടിടത്തിലേക്കും സ്ഥലത്തേക്കും തെരുവില്‍ നിന്നും പൊതു സ്ഥലത്തു നിന്നും ഉള്ള പ്രവേശനത്തിന്റെ രീതിയും മാര്‍ഗവും ക്രമീകരിക്കുക. ഇതു സംബന്ധിച്ച് സംസ്ഥാനത്തിനോ പോലിസ് വകുപ്പിനോ ഏതെങ്കിലും സാമ്പത്തിക ബാധ്യത വരുത്താതെ പൊതുജനങ്ങള്‍ക്ക് ഗതാഗത നടത്തിപ്പില്‍ സ്വമേധയാ സഹായിക്കാവുന്ന രീതി നിശ്ചയിക്കുക എന്നിവയെല്ലാം ഗതാഗത ക്രമീകരണ സമിതിയുടെ നിയന്ത്രണത്തിലാകും.