സാക്കിര്‍ നായിക്കിന്റെ സ്ഥാപനങ്ങളില്‍ റെയ്ഡ്

Share on Facebook
Tweet on Twitter

ന്യൂഡല്‍ഹി(big14news.com): ഇസ്‌ലാമിക പണ്ഡിതനും പ്രഭാഷകനുമായ ഡോ. സാക്കിര്‍ നായിക്കിന്റെ കീഴിലുള്ള ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്റെ മഹാരാഷ്ട്രയിലെ വിവിധ സ്ഥാപനങ്ങളില്‍ എന്‍.ഐ.എ പരിശോധന നടത്തി. നേരത്തേ സാക്കിര്‍ നായിക്കിനും സ്ഥാപനങ്ങള്‍ക്കുമെതിരെ ദേശീയ അന്വേഷണ ഏജന്‍സി യു.എ.പി.എ പ്രകാരം കേസെടുത്തിരുന്നു.

മുംബൈ ലോക്കല്‍ പൊലീസിന്റെ സഹായത്തോടെ മഹാരാഷ്ട്രയിലെ ഐ.ആര്‍.എഫിന്റെ പത്തോളം ഓഫീസുകളിലാണ് പരിശോധന നടന്നത്.പീസ് ടി.വിയില്‍ സംപ്രേഷണം ചെയ്ത അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ പരിശോധിച്ച ശേഷമാണ് അദ്ദേഹത്തിനെതിരേ കേസെടുത്തതെന്ന് എന്‍.ഐ.എ അറിയിച്ചു.

സാക്കിര്‍ നായിക്കിന്റെ നിയന്ത്രണത്തിലുള്ള ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനെ കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അഞ്ചു വര്‍ഷത്തേക്ക് നിരോധിച്ചിരുന്നു . ഭീകര പ്രവര്‍ത്തനം നടത്തുന്നുവെന്ന് ആരോപിച്ചാണ് നിരോധനം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്. ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ അന്താരാഷ്ട്ര ഇസ്‌ലാമിക ചാനലായ പീസ് ടിവിയുമായി ചേര്‍ന്ന് ഭീകരവാദം പ്രചരിപ്പിക്കുന്നതായി ആഭ്യന്തര മന്ത്രാലയത്തിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയെന്ന് അധികൃതര്‍ പറഞ്ഞു.

മതപ്രഭാഷകനായ സാക്കിര്‍ നായിക്ക് ഉസാമ ബിന്‍ലാദനെ പുകഴ്ത്തിപ്പറഞ്ഞു മുസ്‌ലിംകളെ ഭീകര പ്രവര്‍ത്തനത്തിലേക്ക് നയിക്കുന്ന വ്യക്തിയാണെന്ന് നിരോധനത്തിന് പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഗസറ്റ് വിജ്ഞാപനത്തില്‍ ആരോപിച്ചിട്ടുണ്ട്.

സമുദായങ്ങള്‍ക്കിടയില്‍ ശത്രുതയും വെറുപ്പുമുണ്ടാക്കാന്‍ അദ്ദേഹവും അദ്ദേഹത്തിന്റെ സംഘടനയും ശ്രമിക്കുന്നുണ്ട്, അദ്ദേഹത്തിന്റെ പ്രസംഗം മതസ്പര്‍ധ വളര്‍ത്തുന്നതാണ്, ഹിന്ദു ദൈവങ്ങള്‍ക്കെതിരേ അദ്ദേഹം തെറ്റായ അഭിപ്രായമാണ് പ്രകടിപ്പിക്കുന്നത് തുടങ്ങിയ ആരോപണങ്ങളും ആഭ്യന്തര മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി സുധീര്‍ കുമാര്‍ സക്‌സേന പുറത്തിറക്കിയ വിജ്ഞാപനത്തിലുണ്ട്.