
ദില്ലി(big14news.com): രാജ്യത്തെ നാല് ലോക്സഭാ മണ്ഡലങ്ങളിലേക്കും എട്ട് നിയമസഭാ മണ്ഡലങ്ങളിലേക്കും നടക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴു മണിക്കാണ് വോട്ടെടുപ്പ് ആരംഭിച്ചത്. ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ നിരോധിച്ചതിനെ തുടര്‍ന്നുള്ള പ്രതിസന്ധികളെ തുടര്‍ന്ന് ശക്തമായ ജനരോഷം ഉടലെടുത്തിരിക്കുന്ന സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പുകള്‍ നടക്കുന്നത്. അതിനാല്‍ ബിജെപിയെ സംബന്ധിച്ച് നിര്‍ണായകമാണ് തെരഞ്ഞെടുപ്പുകള്‍.
ലഖിംപൂര്‍ (അസാം), ഷാദോള്‍ (മധ്യപ്രദേശ്), കൂച്ച്‌ബിഹാര്‍, ടംലുക്ക് (പശ്ചിമബംഗാള്‍) എന്നീ ലോക്സഭാ മണ്ഡലങ്ങളാണ് ഇന്ന് ഉപതെരഞ്ഞെടുപ്പിലേക്ക് പോകുന്നത്. ഇതില്‍ ഷാദോളും ലഖിംപൂരും ബിജെപിയുടെ സിറ്റിംഗ് സീറ്റുകളാണ്.
കൂച്ച് ബിഹാര്‍, ടംലുക്ക് എന്നിവ തൃണമൂല്‍ കോണ്‍ഗ്രസിന്റെയും,തമിഴ്നാട്, പുതുച്ചേരി, അരുണാചല്‍ പ്രദേശ്, മധ്യപ്രദേശ്, ത്രിപുര, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ എട്ട് നിയമസഭാ മണ്ഡലങ്ങളിലാണ് ഇന്ന് ജനവിധി നിശ്ചയിക്കുക.
തമിഴ്നാട്ടില്‍ തുരുപ്പറന്‍കുന്ദ്രം, ആരവക്കുറിച്ചി, തഞ്ചാവൂര്‍, പുതുച്ചേരിയില്‍ നെല്ലിത്തോപ്പ് എന്നീ മണ്ഡലങ്ങളാണ് പോളിംഗ് ബൂത്തിലേക്ക് പോകുന്നത്. തമിഴ്നാട്ടില്‍ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലായി 81 പേരാണ് ജനവിധി തേടുന്നത്. 7.54 ലക്ഷം വോട്ടര്‍മാര്‍ വോട്ടവകാശം വിനിയോഗിക്കും.