
കാസറഗോഡ്(big14news.com): സൗഹൃദത്തിന്റെ വടക്കൻ പെരുമ എന്ന ശീർഷകത്തിൽ എസ് എസ് എഫ് ജില്ലാ കമ്മിറ്റി ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് കാസർകോട്ട് സംഘടിപ്പിക്കുന്ന മാനവ സംഗമത്തിന് പതാക ഉയർന്നു. പുത്തിഗെ മുഹിമ്മാത്ത് ത്വാഹിറുൽ അഹ്ദൽ മഖാമിൽ നിന്ന് കൊണ്ടു വന്ന പതാക മരം ജാഥയായി തളങ്കരയിൽ എത്തി. തളങ്കര മാലിക്ദീനാർ മഖാം സിയാറത്തോടെ പതാക ജാഥ നഗരം ചുറ്റി പി ബി ഗ്രൗണ്ടിലെത്തിച്ചു.
സ്വാഗത സംഘം ട്രഷറർ ഹക്കീം ഹാജി കോഴിത്തിടിൽ പതാക ഉയർത്തി. ശേഷം യൂനിറ്റുകളിൽ നിന്ന് നിന്ന് പ്രവർത്തകർ എത്തിച്ച സൗഹൃദത്തിന്റെ മധുര അപ്പം ജില്ലാ ഭാരവാഹികൾ ഏറ്റുവാങ്ങി. നഗരത്തിലെ മുഴുവൻ ജനങ്ങൾക്കും മധുര അപ്പം വിതരണം നടത്തി മാനവ സംഗമത്തിലേക്ക് ക്ഷണിച്ചു.
ഇന്ന് രാവിലെ 10 മണിക്ക് വ്യാപാര ഭവനിൽ നടക്കുന്ന അക്കാദമിക് സമ്മിറ്റി കണ്ണൂർ യൂനിവേഴ്‌സിറ്റി വൈസ് ചാൻസിലർ ഖാദർ മാങ്ങാട് ഉദ്ഘാടനം ചെയ്യും. മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ, സുലൈമാൻ കരിവെള്ളൂർ, ഫൈസൽ അഹ്‌സനി രണ്ടത്താണി എന്നിവർ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കും.
വൈകിട്ട് 3.30ന് പുലിക്കുന്നിൽ നിന്നും പ്രതിനിധി റാലി നഗരം ചുറ്റി പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിക്കും.നാലു മണിക്ക് നടക്കുന്ന സമാപന സമ്മേളനം സ്വാഗത സംഘം ചെയർമാൻ സയ്യിദ് പി എസ് ആറ്റക്കോയ തങ്ങൾ ബാ ഹസന്റെ അധ്യക്ഷതയിൽ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. അലിക്കുഞ്ഞി മുസ്‌ലിയാർ ഷിറിയ ആമുഖ പ്രഭാഷണം നടത്തും. ശ്രീ ശ്രീ സദ്ഗുരു ശിവാനന്ദ മണി സ്വാമി, കെ കെ എം കുറുപ്പ്, കേശവ പ്രസാദ്, എം അബ്ദുൽ മജീദ്, മുഹമ്മദ്കുഞ്ഞി സഖാഫി കൊല്ലം തുടങ്ങിയ മത-സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കും.