
കാസറഗോഡ്(big14news.com): 21-10-2016 ചന്ദ്രഗിരി ദേശത്തിന് ഉത്സവഛായ ഉണ്ടാകേണ്ട ദിനമായിരുന്നു.ഒരു ദേശത്തിന്റെ അക്ഷരാഭ്യാസത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിക്കുന്നതിന്റെ ഭാഗമായി ചന്ദ്രഗിരി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ക്യാമ്പസില്‍ രണ്ട് കെട്ടിടങ്ങളുടെ ഉദ്ഘാടന ദിവസം.
പക്ഷെ, ജന പങ്കാളിത്തം മാറ്റി നിര്‍ത്തിക്കൊണ്ട് ഭരിക്കുന്ന കക്ഷികളുടെ പ്രാദേശിക യോഗമെന്ന പോലെ പരിപാടിയെ ചുരുക്കാന്‍ ആസൂത്രിത നീക്കമുണ്ടായപ്പോള്‍ അതങ്ങനെയല്ല ആവേണ്ടതെന്ന് പറയാന്‍ സ്വാഗത സമിതിയില്‍ അംഗത്വവും നോട്ടീസില്‍ പേരും വന്നാല്‍ മതിയെന്ന് ആഗ്രഹിക്കുന്ന കക്ഷി നേതാക്കള്‍ക്ക് ഒന്നുറക്കെ പറയാന്‍ പോലുമായില്ല.
അവരുടെ മനസ്സില്‍ ഉണ്ടായിരുന്നത് ആര് ഒഴിവായാലും സാരമില്ല, എന്റെ പേര് ഒന്ന് നോട്ടീസില്‍ പതിഞ്ഞ് കിട്ടണമെന്ന് മാത്രമായിരുന്നു എന്നല്ല, സ്‌കൂളിന്റെ പഴയ കാല ചരിത്രത്തിലേക്ക് തിരിഞ്ഞ് നോക്കിയാല്‍ ഇന്ന് തങ്ങളിരിക്കുന്ന ഈ വേദിയിലിരിക്കേണ്ടവര്‍ തങ്ങളല്ലന്ന ഉത്തമ ബോധ്യം ഈ നേതാക്കന്മാരെ വല്ലാതെ അലട്ടുന്നു എന്നത് ഒരു സത്യം മാത്രമായിരുന്നു.
എല്ലാവരെയും തഴയാനും, തട്ടിയിടാനും തങ്ങളുടെ തെരഞ്ഞെടുപ്പിന് വിജയം നേടാന്‍ ഉപയോഗിക്കപ്പെടുന്ന ഉപകരണങ്ങള്‍ മാത്രമായി തന്റെ സഹപ്രവര്‍ത്തകരെപ്പോലും കാണുകയും, കാര്യം കഴിയുമ്പോള്‍ പുറംകാല്‍ കൊണ്ട് ചവിട്ടി താഴെയിടുകയും ചെയ്യുന്ന കക്ഷി രാഷ്ട്രീയക്കാരുടെ സംഘടനാ സമിതിയില്‍ നിന്നും ഏറെ പ്രതീക്ഷിക്കുന്നതും ശരിയല്ലായിരുന്നു.
1999-2000 കാലം ചന്ദ്രഗിരി ഗവ. ഹൈസ്‌കൂളിന്റെ ഭൗതിക സൗകര്യം ഏറെ പരിതാപകരമായ കാലഘട്ടം. അന്ന് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ സ്ഥാപിതമായിട്ടില്ല. എന്നിട്ടും, 1840ല്‍ അധികം കുട്ടികള്‍ പഠിക്കുന്ന പഞ്ചായത്തിലെ ഏക സര്‍ക്കാര്‍ ഹൈസ്‌കൂള്‍. പഠിക്കാന്‍ ക്ലാസ് മുറികളില്ല. ഇരിക്കാന്‍ ബെഞ്ചുകളില്ല. പ്രാഥമിക സൗകര്യങ്ങള്‍ക്ക് ശൗചാലയങ്ങളുടെ പരിമിതം. അധ്യാപകരുടെ എണ്ണക്കുറവ്, പത്ത് മുറികളുടെ ഒരു വന്‍ കെട്ടിടം പൊട്ടിപ്പൊളിഞ്ഞ് എപ്പോള്‍ നിലം പൊത്തും എന്ന അവസ്ഥ.
പ്രസ്തുത ക്ലാസ് മുറികളിലെ പഠന വേളകളില്‍ സീലിംങ്ങില്‍ നിന്നും കോണ്‍ക്രീറ്റ് പാളികള്‍ വീണ് വിദ്യാര്‍ത്ഥികളുടെ തല പൊട്ടിയിട്ടും ആരും ശബ്ദിച്ചില്ല. അവസാനം മേല്‍പ്പറമ്പിലെയും ചുറ്റുവട്ടത്തെയും കുറച്ച് സന്മനസ്സുകളെ സംഘടിപ്പിച്ച് വികസന സമിതി എന്ന പേരില്‍ ഒരു സംഘടനയ്ക്ക് രൂപം നല്‍കുന്നു.
2000ല്‍ മേല്‍പറമ്പ് ടൗണില്‍ അനിശ്ചിതകാല നിരാഹാര സമരം ചെയ്യാന്‍ തീരുമാനം കൈക്കൊണ്ടു. നിരാഹാരമിരിക്കാന്‍ ചങ്കുറപ്പുള്ള ഒരാള്‍ എന്ന നിലയില്‍ ശ്രീ. കെ.പി. റാഫി സന്നദ്ധത അറിയിക്കുന്നു. നീണ്ട ഒരാഴ്ച ചെമ്മനാട് ഗ്രാമ പഞ്ചായത്ത് മാത്രമല്ല, ജില്ല തന്നെ ഇളകി മറിഞ്ഞു എന്നതാണ്യാ ഥാര്‍ത്ഥ്യം.
ഇന്നത്തെപ്പോലെ സോഷ്യല്‍ മീഡിയ ഇല്ലാഞ്ഞിട്ട് പോലും കേട്ടറിഞ്ഞവര്‍ സമര പന്തലിലേക്ക് ഐക്യദാര്‍ഢ്യം അര്‍പ്പിക്കാന്‍ ഓടിയെത്തി. ജില്ലാ കളക്ടര്‍, എ.ഡി.എം., തഹസീല്‍ദാര്‍ അങ്ങനെ സര്‍ക്കാര്‍ മെഷിനറികള്‍ നാലാം ദിവസം മുതല്‍ സമരം ഒത്തു തീര്‍പ്പാക്കുന്നതിനെക്കുറിച്ചും കൂലങ്കുശമായി ചര്‍ച്ച ചെയ്തു. ജില്ലാ
പഞ്ചായത്തിനെ കൊണ്ട് രണ്ട് കെട്ടിടങ്ങള്‍ക്ക് ഫണ്ട് നല്‍കാമെന്ന ഉത്തരവാദിത്വം ഏറ്റെടുപ്പിച്ചതോടെ സമരം ഒത്തുതീര്‍പ്പിന്റെ വഴിയിലേക്ക് പോയി.
ഒരു വര്‍ഷത്തിനുള്ളില്‍ ഷിഫ്റ്റ് സമ്പ്രദായം നീക്കാനുള്ള മൂന്ന് കെട്ടിടങ്ങള്‍ ഉയര്‍ന്നു വന്നു. കാലം മാറുന്നതിനൊപ്പം നമ്മുടെ സ്‌കൂളിന്റെ നിലവാരം ഉയര്‍ന്നില്ല. കുട്ടികളുടെ കൊഴിഞ്ഞ് പോക്ക് അനസ്യൂതം തുടരുന്നു. നിലവില്‍ മൊത്തം 800ല്‍ താഴെ കുട്ടികള്‍ മാത്രമാണ് ചന്ദ്രഗിരി ക്യാമ്പസില്‍ പഠിതാക്കളായുള്ളത്. +1, +2, എന്നീ ബാച്ചുകളില്‍ 240 കുട്ടികളും, ബാക്കി ഹൈസ്‌കൂളിലായും നമ്മുടെ സ്‌കൂള്‍ ഇത്രയും പിന്നോക്കം പോകാന്‍ കാരണമെന്തെന്ന് ആരും ശ്രദ്ധിച്ചിട്ടേയില്ല.
ഇനി ചിന്തിച്ച് വരുമ്പോഴേക്കും ക്യാമ്പസ് മുഴുവന്‍ കെട്ടിടങ്ങള്‍ മാത്രവും, കുട്ടികള്‍ അന്യ സ്‌കൂളുകളിലുമായി തീരുന്ന ഒരവസ്ഥയാണ് കണ്ട് കൊണ്ടിരിക്കുന്നത്.സ്വകാര്യ സ്‌കൂളുകളുടെ കടന്നു കയറ്റവും സര്‍ക്കാര്‍ സ്‌കൂളുകളോട് പൊതു സമൂഹത്തിനുള്ള നിസ്സംഗതാ മനോഭാവവും മാറിയില്ലെങ്കില്‍ കോണ്‍ക്രീറ്റ് അസ്ഥികൂടങ്ങളുടെ ഒരു ശവപറമ്പായി ചന്ദ്രഗിരി ഹൈസ്‌കൂള്‍ ക്യാമ്പസ് മാറുമെന്ന
യാഥാര്‍ത്ഥ്യം നാം മനസ്സിലാക്കണം.
അതെ, നല്ലൊരു മാറ്റത്തിനായിരിക്കണം ഇനിയുള്ള പ്രവര്‍ത്തനം.മാറ്റി നിര്‍ത്തപ്പെടുന്ന പൊതുപ്രവര്‍ത്തകര്‍ നാം ഒന്ന് മനസ്സിലാക്കണം, നമ്മുടെ പ്രദേശത്തിന്റെ ഈ വിദ്യാഭ്യാസ കുതിച്ച് ചാട്ടത്തിന് വിത്ത് പാകിയത് 2000ലെ നിരാഹാര സമരമെന്നതും അതിന് നേതൃത്വം നല്‍കിയ സമര സഖാക്കളെയും ആരും വിസ്മരിക്കാന്‍
പാടില്ലാത്തതായിരുന്നു.
കെ.പി. റാഫി പരേതനായ അഷ്‌റഫ് ചെമ്പിരിക്ക,മുഹമ്മദ്കുഞ്ഞി മാഹിന്‍കുട്ടി പിന്നെ അക്കാലത്തെ സമരത്തോടൊപ്പം നിന്ന മുഴുവന്‍ പ്രദേശവാസികളെയും സ്‌കൂളിന്റെ കെട്ടിടോദ്ഘാടനം ഒരു ജനകീയ ഉത്സവമാകേണ്ടിടത്ത് അതിനെ പരസ്പരം അംഗീകരിക്കുന്ന സ്വാര്‍ത്ഥമതികളായ ഒരു കൂട്ടത്തിന്റെ സന്തോഷ
നിമിഷങ്ങള്‍ മാത്രമാക്കി തീര്‍ത്തത് എന്ത്‌കൊണ്ടും തെറ്റായ സന്ദേശമാണ് പൊതു സമൂഹത്തിന് നല്‍കുന്നത്.
കാലം മാറി മറിഞ്ഞ് പോയാല്‍ പോലും ചരിത്രത്തിന്റെ അവശിഷ്ടങ്ങളെ പൂര്‍ണ്ണമായും തള്ളിക്കളയാനാവില്ല എന്നതിന്റെ തിരിച്ചറിവ് തന്നെയാണ് ഈ ഉദ്ഘാടന വേളയിലും നാം കെ.പി. റാഫിയിലേക്കും, വികസന സമിതിയുടെ സമര ചരിത്രത്തിന്റെ പിന്നാമ്പുറങ്ങളിലേക്കും തിരിച്ച് പോയത്. കാലം ഒന്നും മായിച്ചു
കളയുന്നില്ല. ഓര്‍മ്മപ്പെടുത്തുന്നതല്ലാതെ.