
ന്യുഡല്‍ഹി(big14news.com): മുംബൈയിലെ പ്രസിദ്ധമായ ഹാജി അലി ദര്‍ഗയിലെ സ്ത്രീ പ്രവേശനം ഒരു മാസത്തിനുള്ളില്‍ നടപ്പാക്കുമെന്ന് ദര്‍ഗ ട്രസ്റ്റ് സുപ്രീം കോടതിയില്‍ അറിയിച്ചു. പുരുഷന്മാര്‍ക്ക് തുല്യമായ പരിഗണന ദര്‍ഗയില്‍ സ്ത്രീകള്‍ക്കും ലഭിക്കുമെന്ന് ട്രസ്റ്റ് വ്യക്തമാക്കി.
ദര്‍ഗയിലെ പവിത്രസ്ഥലത്ത് സ്ത്രീ പ്രവേശനം നിഷേധിക്കുന്നത് രണ്ടു മാസം മുന്‍പ് ബോംബെ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ഇതിനെതിരെ ട്രസ്റ്റ് തന്നെയാണ് സുപ്രീം കോടതിയെ സമീപിച്ചത്. വിലക്കിനെതിരെ തൃപ്തി ദേശായിയുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ ശക്തമായ പ്രക്ഷോഭം നടത്തിവരികയായിരുന്നു. രാജ്യത്ത് വിവിധ ആരാധനാലയങ്ങളിലെ വിലക്കിനെതിരെ സ്ത്രീകള്‍ നടത്തുന്ന പ്രക്ഷോഭത്തിന്‍റെ വലിയ വിജയം കൂടിയാണ് ട്രസ്റ്റിന്‍റെ നിലപാട്.
ദര്‍ഗയില്‍ സ്ത്രീകളുടെ പ്രവേശനം നിഷേധിക്കുന്നത് വനിതകളുടെ മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് മുസ്ലീം വനിതാ ഫൗണ്ടേഷന്‍റെ ഹര്‍ജിയില്‍ ഹൈക്കോടതി വിലയിരുത്തിയിരുന്നു. ദര്‍ഗയിലെത്തുന്ന സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കാനും ഹൈക്കോടതി മഹാരാഷ്ട്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു.