
(big14news.com) മറുപക്ഷത്തു നിന്ന് അടര്‍ത്തിയെടുക്കുന്ന വിമതര്‍ ഏതു മുന്നണിക്കും മുതല്‍കൂട്ടാണ്. മറുപക്ഷം വിട്ടുപോരേണ്ടി വരുന്ന സാഹചര്യം സൃഷ്ടിച്ച വിരോധം അവര്‍ കുടിയേറിയ പക്ഷത്തെ രക്ഷിക്കാന്‍ വാശിയോടെ ഉപയോഗപ്പെടുത്തുകയാണ് പതിവ്.
എന്നാല്‍ മുസ്ലിം ലീഗില്‍ നിന്ന് തെറ്റി ഇടതു സ്വതന്ത്രനായി മത്സരിച്ചു ജയിച്ചെത്തിയ കാരാട്ട് റസാഖ് ഭരണപക്ഷത്തെ ന്യായീകരിക്കാന്‍ ഒരു തീവ്രശ്രമം നടത്തിയപ്പോള്‍ പണി പാളി.
സി.പി.എം പോലും ന്യായീകരിക്കാന്‍ മടിക്കുന്ന ബന്ധുനിയമന വിവാദത്തില്‍ ഭരണപക്ഷത്തിനു വേണ്ടി ധനാഭ്യര്‍ഥന ചര്‍ച്ചയില്‍ വാദിക്കുകയായിരുന്നു റസാഖ്. കഴിഞ്ഞ ദിവസം ബന്ധു നിയമനത്തിന്റെ പേരില്‍ ലീഗ് അംഗങ്ങള്‍ എന്തിനാണ് ഇറങ്ങിപ്പോയതെന്ന് റസാഖിന്റെ ചോദ്യം
ഏറ്റവുമധികം സഹായിക്കേണ്ടത് സ്വന്തം കുടുംബത്തെയാണെന്നാണ് ഇസ്ലാമിക കാഴ്ചപ്പാടെന്നും ആ കാഴ്ചപ്പാടാണ് ഭരണപക്ഷം നടപ്പാക്കുന്നതെന്നും റസാഖ്. റസാഖിന്റെ വാദം സെല്‍ഫ് ഗോളായി മാറിയപ്പോള്‍ പ്രതിപക്ഷത്ത് കൂട്ടച്ചിരി. ഭരണപക്ഷത്ത് മൗനവും.
ഇടക്കൊക്കെ ബന്ധുനിയമനമടക്കമുള്ള രാഷ്ട്രീയ വിവാദങ്ങളെ സ്പര്‍ശിച്ചതൊഴിച്ചാല്‍ ജലവിഭവ വകുപ്പിലേക്കുള്ള ധനാഭ്യര്‍ഥന ചര്‍ച്ച സംസ്ഥാനത്തെ ജലക്ഷാമത്തെക്കുറിച്ചും ജലസ്രോതസുകളുടെ നാശത്തെക്കുറിച്ചുമുള്ള ഉല്‍ക്കണ്ഠ നിറഞ്ഞതായി. സംസ്ഥാനത്തെ നദികളുടെയും കുളങ്ങളുടെയുമൊക്കെ കൃത്യമായ കണക്കുകള്‍ പഠിച്ചാണ് പല അംഗങ്ങളും എത്തിയത്. ജലസ്രോതസുകള്‍ എങ്ങനെയൊക്കെ സംരക്ഷിക്കണമെന്ന നിര്‍ദേശമാണ് പി.ടി തോമസിന്റെ പ്രസംഗത്തില്‍ നിറഞ്ഞത്. മനുഷ്യശരീരത്തില്‍ ജലാംശം കുറഞ്ഞാലുണ്ടാകുന്ന പ്രശ്നങ്ങളിലായിരുന്നു ചിറ്റയം ഗോപകുമാറിന്റെ ശ്രദ്ധ. കാസര്‍കോട് നഗരത്തില്‍ ആഴ്ചയില്‍ രണ്ടു ദിവസം മാത്രമാണ് വെള്ളം ലഭിക്കുന്നതെന്ന് എന്‍.എ നെല്ലിക്കുന്ന്. അടുത്ത സഭാസമ്മേളനത്തിനു മുന്‍പ് ഈ പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ സഭയില്‍ സത്യഗ്രഹം ആരംഭിക്കുമെന്ന് നെല്ലിക്കുന്നിന്റെ പ്രഖ്യാപനം.
തുലാവര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ വരള്‍ച്ചയെക്കുറിച്ചു പറയേണ്ടി വന്നതില്‍ എന്‍. ജയരാജിനു വലിയ ദുഃഖമുണ്ടെങ്കിലും ജയരാജ് നന്നായി തന്നെ പറഞ്ഞു.
വേദങ്ങളിലും പുരാണങ്ങളിലും ജലത്തിനുള്ള പ്രാധാന്യം ചൂണ്ടിക്കാട്ടിയായിരുന്നു മുല്ലക്കര രത്നാകരന്റെ പ്രസംഗം. കേരളത്തിന്റെ ജലസമ്ബത്ത് സംരക്ഷിക്കാന്‍ ഒരു ഭഗീരഥ പ്രയത്നം തന്നെ വേണ്ടിവരുമെന്ന് മുല്ലക്കര. ക്ഷമയാണ് യു.ഡി.എഫിന്റെ ഗമയെന്നും അതുകൊണ്ടാണ് കഴിഞ്ഞദിവസം സഭയില്‍ പ്രശ്നങ്ങളുണ്ടാക്കാതെ സഹകരിച്ചതെന്നും അന്‍വര്‍ സാദത്ത്. എന്നാല്‍ വടി കയ്യില്‍ വച്ചുതന്നാല്‍ അടിക്കാതിരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ ഭരണപക്ഷത്ത് ബഹളം.
ഇ.പി ജയരാജന്‍ നല്ലൊരു വ്യക്തിയാണെന്ന് എം. ഉമ്മര്‍. എന്നാല്‍ ജയരാജന്‍മാര്‍ക്കു പോലും രക്ഷയില്ലാത്ത സ്ഥിതിയാണ് സംസ്ഥാനത്ത്. അകത്തുള്ളവരുടെയും പുറത്തുള്ളവരുടെയും ഗൂഢാലോചനയുടെ ഫലമായി അദ്ദേഹം മന്ത്രിസ്ഥാനത്തു നിന്ന് പുറത്തായി. പി. ജയരാജന് കണ്ണൂരില്‍ പൊലിസ് സ്റ്റേഷന്‍ ഉപരോധിക്കേണ്ടി വന്നു.
എം.വി ജയരാജന് പരിയാരത്തു നിന്ന് ഒരു കൊട്ടു കിട്ടിയെന്നും ഉമ്മര്‍. ധനാഭ്യര്‍ഥന ചര്‍ച്ചയില്‍ പങ്കെടുക്കുമ്ബോള്‍ വിഷയത്തെക്കുറിച്ചു തന്നെ സംസാരിക്കണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ഉപദേശം.
മന്ത്രിയ പ്രശംസിച്ചു കിട്ടുന്ന ആനുകൂല്യങ്ങള്‍ വാങ്ങി മണ്ഡലത്തിലേക്കു കൊണ്ടുപോകുന്നവരെ അദ്ദേഹം കാണാന്‍ തുടങ്ങിയിട്ട് 26 വര്‍ഷമായി. ഈ കാഴ്ച കണ്ടു മടുത്തെന്ന് തിരുവഞ്ചൂര്‍.
കേരള കോണ്‍ഗ്രസ് (എം) യു.ഡി.എഫ് വിട്ട് പ്രത്യേക ബ്ലോക്ക് ആയശേഷം കെ.എം മാണി ഇന്നലെ ആദ്യമായി ഒരു അടിന്തരപ്രമേയം കൊണ്ടുവന്നു. റബര്‍ അടക്കമുള്ള നാണ്യവിളകളുടെ വിലയിടിവും കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങളും ചര്‍ച്ച ചെയ്യണമെന്നായിരുന്നു മാണിയുടെ ആവശ്യം. അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് യു.ഡി.എഫ് അംഗങ്ങളും മാണിയോടൊപ്പം ഇറങ്ങിപ്പോയി.
കേന്ദ്രം ഭരിച്ച യു.പി.എ, എന്‍.ഡി.എ സര്‍ക്കാരുകളുടെ നയം മൂലമാണ് റബറിന്റ വിലയിടിഞ്ഞതെന്നും യുപി.എ സര്‍ക്കാരിനെ പിന്തുണച്ചവര്‍ക്ക് ഇങ്ങനെയൊക്കെ പറയുന്നതില്‍ നാണമില്ലേ എന്നും മാണിയും കൂട്ടരും ഇറങ്ങിപ്പോകുമ്ബോള്‍ പി.സി ജോര്‍ജിന്റെ ചോദ്യം.
ഏതായാലും റബറിന്റെ കാര്യമായതിനാല്‍ ജോര്‍ജും സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ബി.ജെ.പിയുടെ ഒ. രാജഗോപാല്‍ ഇത്തരം ഘട്ടങ്ങളില്‍ പതിവുള്ളതുപോലെ സഭയില്‍ തന്നെ ഇരുന്നു.