റിസോർട്ട് രാഷ്ട്രീയം ആരംഭിച്ചത് മുതൽ കർണാടകയിൽ ഒഴുകുന്നത് കോടികൾ. ചാര്‍ട്ടേഡ് വിമാനങ്ങളില്‍ യാത്ര, ആഡംബര ഹോട്ടലുകളില്‍ താമസം, സുപ്രീംകോടതിയില്‍ സിറ്റിങിന് ലക്ഷങ്ങള്‍ വാങ്ങുന്ന അഭിഭാഷകര്‍ ഹാജരാകുന്നു ഇങ്ങനെ നീളുന്നു വിമത എംഎൽഎമാരുടെ ചിലവുകൾ. എവിടെ നിന്നാണ് ഇതിനുള്ള പണം എന്ന ചോദ്യം ഉയരുമ്പോൾ തങ്ങള്‍ സ്വന്തമായി വഹിക്കുന്നുവെന്നാണ് വിമത എംഎല്‍എമാര്‍ പറയുന്നത്. എംഎല്‍എമാര്‍ താമസിക്കുന്ന ഹോട്ടല്‍ മുറികളുടെ ദിവസ വാടക 4000ത്തിനും 11000ത്തിനുമിടയിലാണെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ബെംഗളൂരുവില്‍ നിന്ന് മുംബൈയിലേക്കുള്ള പ്രത്യേക വിമാനത്തിലെ ഒരു യാത്രയ്ക്ക് നാല് ലക്ഷത്തോളം രൂപ ചെലവ് വരും. പ്രതിസന്ധി തുടങ്ങിയ ശേഷം വിമതര്‍ അഞ്ചുതവണയെങ്കിലും വിമതർ മുംബൈയിൽ നിന്ന് ബംഗളുരുവിലെത്തിയിട്ടുണ്ട്. വിമതര്‍ക്ക് വേണ്ടി പണം ചെലവഴിക്കുന്നത് ബിജപിയാണെന്ന് കോണ്‍ഗ്രസും ജെഡിഎസ്സും ആരോപിക്കുന്നു. കാരണം വിമത എംഎല്‍എമാര്‍ക്കൊപ്പം പലപ്പോഴും ബിജെപി പ്രതിനിധികളും യാത്ര ചെയ്തിരുന്നുവെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. കോടികള്‍ വരുന്നുണ്ടെങ്കിലും ആര്‍ക്കും കൃത്യമായി അറിയില്ല, ആരാണ് പണം ചെലവഴിക്കുന്നത് എന്ന്. ബിജെപിയല്ലെങ്കില്‍ ആരാണ് വിമതര്‍ക്ക് പ്രത്യേക വിമാനങ്ങളിലെ യാത്ര സൗകര്യപ്പെടുത്തുന്നതെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ചോദിക്കുന്നു.
16 എംഎല്‍എമാര്‍ ഭരപക്ഷത്തിന് നിന്ന് രാജിവെച്ചത് ജൂലൈ ആറിനാണ്. രാജിവച്ചവര്‍ ഉടന്‍ തന്നെ മുംബൈയിലേക്ക് പോകുകയും ആഡംബര ഹോട്ടലില്‍ താമസമാക്കുകയും ചെയ്തു. ചാര്‍ട്ടേഡ് വിമാനങ്ങളിലായിരുന്നു വിമതരുടെ എല്ലാ യാത്രകളും. ഇത്രയും ദിവസങ്ങള്‍ക്കിടെ വിമതര്‍ പലരും ബെംഗളൂരു-മുംബൈ യാത്ര നടത്തിയതെല്ലാം ചാര്‍ട്ടേഡ് വിമാനങ്ങളിലാണ്. കൂടാതെ വിമതര്‍ക്ക് വേണ്ടി ഹാജരാകുന്നത് സിറ്റിങ് ലക്ഷങ്ങള്‍ വാങ്ങുന്ന മുതിര്‍ന്ന അഭിഭാഷകരാണ്. ഇതിനെല്ലാം പിന്നില്‍ തങ്ങള്‍ സ്വന്തമായി ചെലവഴിക്കുന്ന പണം മാത്രമാണുള്ളതെന്ന് വിമതര്‍ പറയുന്നു. എംഎല്‍എമാര്‍ക്ക് ഓരോരുത്തര്‍ക്കും ചുരുങ്ങിയത് 20 കോടി രൂപ ലഭിച്ചുവെന്നാണ് ചില കേന്ദ്രങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.