
മുട്ടയിടാന്‍ സാധിക്കാതെ അവശനിലയിലായ കോഴിയെ സിസേറിയന് വിധേയമാക്കി മുട്ടകള്‍ പുറത്തെടുത്തു. വയറ്റിനുള്ളിലുള്ള രണ്ടു മുട്ടകളും പുറത്തുവരാതായതോടെയാണ് ശസ്ത്രക്രിയ നടത്തിയത്. കൊറ്റങ്കരയുടെ തെക്കേവീട്ടില്‍ രഘുനാഥന്‍ നായരാണ് കോഴിയെയും കൊണ്ട് കൊല്ലം ജില്ലാ മൃഗാശുപത്രിയിലെത്തിയത്.
എക്‌സറേ പരിശോധനയില്‍ രണ്ടു മുട്ടകളുണ്ടെന്ന് കണ്ടെത്തുകയും അനസ്‌തേഷ്യ നല്‍കി ഒരു മുട്ട സ്വാഭാവിക രീതിയില്‍ പുറത്തെടുക്കുകയും ചെയ്തു. എന്നാല്‍ അടുത്ത മുട്ട ഗര്‍ഭപാത്രത്തില്‍ കുടുങ്ങി കിടക്കുകയായിരുന്നതിനാല്‍ പുറത്തെടുക്കാന്‍ സിസേറിയന്‍ നടത്തുകയായിരുന്നു. കോഴികളില്‍ അപൂര്‍വമായാണ് ശസ്ത്രക്രിയ നടത്തുന്നത്. മുട്ടയിടുന്നതിന് തടസ്സം വരുന്നത് സാധാരണയാണെങ്കിലും രണ്ടു മുട്ടകള്‍ ഇതുപോലെ കുടുങ്ങുന്നത് അപൂര്‍വമാണ്.