
കാസർകോട് (big14news.com): ഖാസി വധക്കേസുമായി ബന്ധപ്പെട്ട് അഷ്‌റഫ് നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ക്വട്ടേഷൻ സംഘത്തിന്റെ ഇടനിലക്കാരനെന്ന് ആരോപിക്കപ്പെട്ട സുലൈമാൻ വൈദ്യരും സിബിഐക്ക് മുമ്പാകെ മൊഴി നൽകി. തിങ്കളാഴ്ച കൊച്ചിയിലെ സിബിഐ ഓഫീസിൽ എത്തിയാണ് സുലൈമാൻ വൈദ്യർ സിബിഐക്ക് മുമ്പാകെ മൊഴി നൽകിയത്.
ഖാസി സിഎം അബ്ദുല്ല മൗലവിയെ വധിക്കാൻ ക്വട്ടേഷൻ സംഘത്തിന്റെ ഇടനിലക്കാരനായി സുലൈമാൻ വൈദ്യർ പ്രവർത്തിച്ചു എന്നാണ് അഷ്‌റഫ് ആരോപിച്ചത്. ഇതിന്റെ പേരിൽ വൈദ്യർക്ക് 20 ലക്ഷം രൂപ പ്രതിഫലമായി ലഭിക്കുകയും ആ തുകയ്ക്ക് പുതിയ കാറും വീടും സ്ഥലവും വൈദ്യർ വാങ്ങിയതായും അഷ്‌റഫ് വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ വര്ഷം ഒക്ടോബർ 25 നു സുലൈമാൻ വൈദ്യർ അന്ന് കേസിന്റെ അന്വേഷണ ചുമതലയുള്ള കാഞ്ഞങ്ങാട് ഡിവൈഎസ്‌പി കെ ദാമോദരന് മുമ്പാകെ മൊഴി നൽകിയിരുന്നു. അതെ കാര്യമാണ് സിബിഐക്ക് മുമ്പാകെയും മൊഴി നൽകിയതെന്ന് സുലൈമാൻ വൈദ്യർ ബിഗ് 14 ന്യൂസിനോട് പറഞ്ഞു.
സുലൈമാൻ വൈദ്യരുടെ രണ്ടാമത്തെ മകളുടെ ഭർത്താവാണ് അഷ്‌റഫ്. ഈ ബന്ധത്തിൽ അഷ്റഫിന് രണ്ട് ആൺ മക്കളുമുണ്ട്.എന്നാൽ ഇവർതമ്മിലുള്ള ബന്ധം വഷളാവുകയും അതിനു പ്രതികാരമായാണ് ഖാസി കേസുമായി ബന്ധപ്പെടുത്തി ഭാര്യപിതാവായ തനിക്കെതിരെ അഷ്‌റഫ് കുറ്റം ആരോപിക്കുന്നതെന്നുമാണ് സുലൈമാൻ വൈദ്യർ പറയുന്നത്. അഷ്റഫിനെതിരെ കുടുംബ കോടതിയിൽ പരാതി നൽകിയിരുന്നതായും വൈദ്യർ വ്യക്തമാക്കിയിരുന്നു. ഖാസി സിഎം അബ്ദുല്ല മൗലവിയെ നേരിട്ട് അറിയില്ലെന്നും പത്രങ്ങളിൽ കണ്ട അറിവ് മാത്രമാണെന്നും സുലൈമാൻ വൈദ്യർ പറഞ്ഞിരുന്നു.