
തിരുവനന്തപുരം(big14news.com): കനത്ത മഴയില്‍ സംസ്ഥാനത്ത് വ്യാപക നാശനഷ്ടം. തിങ്കളാഴ്‌ച കനത്ത മഴയില്‍ 15 പേര്‍ മരിച്ചു. കോട്ടയം ജില്ലയില്‍ മാത്രം ആറുപേരാണ് മരിച്ചത്. കൊല്ലത്ത് സ്‌കൂള്‍ വിദ്യാര്‍ഥിയടക്കം രണ്ടുപേരും കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, എറണാകുളം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ ഓരോ ആളും മരിച്ചു. 3 പേരെ കാണാതായിട്ടുണ്ട്. പത്തനംതിട്ടയില്‍ പമ്ബയില്‍ ശബരിമല തീര്‍ഥാടകനെയും കോട്ടയത്ത് മണിമലയാറ്റില്‍ മീന്‍പിടിച്ചുകൊണ്ടിരുന്ന രണ്ടുപേരെയും ഒഴുക്കില്‍പ്പെട്ട് കാണാതാവുകയായിരുന്നു. സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇതുവരെ എട്ടുകോടിയുടെ നഷ്ടമുണ്ടായതായാണ് കണക്കുകള്‍.
കോട്ടയം ജില്ലയില്‍ നിറഞ്ഞൊഴുകുന്ന മണിമലയാറ്റില്‍ വീണ‌് പഴയിടം വലയില്‍പ്പടി ഷാപ്പിലെ ജീവനക്കാരന്‍ ചെറുവള്ളി ആറ്റുപുറത്ത‌് ശിവന്‍കുട്ടി(50), ഭരണങ്ങാനം അമ്ബാറയില്‍ ഇടറോഡിലെ വെള്ളക്കെട്ടില്‍ വീണ‌് മാലപ്പാറയില്‍ കുന്നത്ത‌് കെ വി ജോസഫ‌്(65), കോരുത്തോട്ടില്‍ അഴുതയാറില്‍ വീണ‌് കുഴിമാവ‌് ബംഗ്ലാവുപറമ്ബില്‍ ദീപു(32), നാഗമ്ബടത്ത‌് വെള്ളക്കെട്ടില്‍ വീണ‌് തൊഴിലാളിയായ കൊല്‍ക്കത്ത സ്വദേശി ഷിബാജി അധികാരി(36) എന്നിവരാണ‌് മരിച്ചത‌്. ചിങ്ങവനത്തും പെരുവയിലും വെള്ളത്തില്‍ രണ്ട‌് അജ്ഞാത മൃതദേഹവും കണ്ടെത്തി.
കൊല്ലം തേവലക്കര കൂഴം കുളങ്ങര വടക്കതില്‍(വൈഷ്ണവം) രാധാകൃഷ്ണപിള്ളയുടെയും ശ്രീലേഖയുടെയും മകന്‍ അനൂപ്(കണ്ണന്‍, 12), കരുനാഗപ്പള്ളി സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ തേവലക്കര കോയിവിള അജിഭവനില്‍ ബെനഡിക്‌ട് (46)എന്നിവരാണ് മരിച്ചത്.കണ്ണൂര്‍ ജില്ലയില്‍ പാനൂര്‍ കരിയാട് വെള്ളക്കെട്ടില്‍ വീണ് വയോധിക മരിച്ചു. കരിയാട് മുക്കാളിക്കരയിലെ വലിയത്ത് നാണി(68)യാണ് മരിച്ചത്. നടന്നു പോകുന്നതിനിടെ കാല്‍വഴുതി വീഴുകയായിരുന്നു.മലപ്പുറം ചങ്ങരംകുളത്ത‌് കുളിക്കാന്‍ കുളത്തിലിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു. കാഞ്ഞിയൂര്‍ മരമില്ലിനുസമീപം താമസിക്കുന്ന കിഴിഞ്ഞാലില്‍ അബ്ദുള്‍ റഹിമാന്റെ മകന്‍ അദ്‌നാന്‍(14)ആണ് മരിച്ചത്.
കുളങ്ങളും നദികളും തോടുകളും നിറഞ്ഞു കവിഞ്ഞൊഴുകുകയാണ്. തീരപ്രദേശങ്ങളില്‍ മിക്ക വീടുകളും വെള്ളത്തിലാണ്. മഴക്കെടുതി രൂക്ഷമായ പ്രദേശങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. വ്യാപക കൃഷിനാശവും ഉണ്ടായിട്ടുണ്ട്. കുട്ടനാട്ടില്‍ 525 ഏക്കറിലെ നെല്‍കൃഷി മടവീണ് നശിച്ചു. രണ്ട് കോടി രൂപയുടെ കൃഷിനാശമാണ് കുട്ടനാട്ടില്‍ മാത്രം കണക്കാക്കുന്നത്.
ഒഡീഷ തീരത്തു ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദത്തെ തുടര്‍ന്നുണ്ടായ ശക്തമായ പടിഞ്ഞാറന്‍ കാറ്റാണ് കേരളത്തിലെ കനത്ത മഴയ്ക്ക് കാരണമായത്. 19ന് വീണ്ടും ന്യൂനമര്‍ദ്ദമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതോടെ മഴ വീണ്ടും ശക്തിപ്രാപിക്കാനും സാധ്യതയുണ്ട്. ചൊവ്വാഴ്ച ശക്തമായ കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗത്തില്‍ വരെ കാറ്റടിക്കാന്‍ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ചൊവ്വാഴ്ച ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം ജില്ലയില്‍ പ്ലസ് ടു വരെയുള്ള എല്ലാ സ്കൂളുകള്‍ക്കും അവധിയാണ്. മഹാത്മാഗാന്ധി സര്‍വകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്.