
അനുഭവം (big14news.com)) :
”ജീവിതമെന്തെന്നു പഠിപ്പിച്ചു തരാന്‍ പുസ്തകങ്ങള്‍ക്കാവില്ല.അതിനു ജീവിച്ചു തീര്‍ത്ത അനുഭവങ്ങള്‍ തന്നെ വേണം” : അരുണ്‍ പുനലൂര്‍
ഞാന്‍ എന്നും എന്റേത് എന്നും അഹങ്കരിയ്ക്കുന്ന ഈ ശരീരത്തിന്റേയും സൗന്ദര്യത്തിന്റേയും സമ്പത്തിന്റേയുമൊക്കെ നൈമിഷികത തിരിച്ചറിഞ്ഞു ജീവിതത്തെക്കുറിച്ചുള്ള എന്റെ കാഴ്ച്ചപ്പാടുകള്‍ മാറ്റിമറിച്ച അനേകം അനുഭവങ്ങളില്‍ ഒന്ന് …
വര്‍ഷങ്ങള്‍ക്കു മുന്‍പ് നാട്ടില്‍ ഫ്രീലാന്‍സ് ചെയ്തിരുന്ന കാലത്ത് ഒരു ദിവസം ഉച്ചയായപ്പോള്‍ സുഹൃത്തായൊരു പോലീസുകാരന്‍ വിളിക്കുന്നു. മോര്‍ച്ചറിയില്‍ ഒരു ഫോട്ടോ എടുക്കാനുണ്ട് ഒന്നു വന്നേ പറ്റൂ. ഞാനന്നു ഷഫീക് ലോഡ്ജിലെ മുറിയിലാണു താമസം. വല്ലപ്പോഴുമേ വീട്ടില്‍ പോക്കുള്ളൂ. പ്രത്യേകിച്ചു പണിയൊന്നുമില്ലാത്തതിനാല്‍ ഷെയറിട്ടു വാങ്ങിയ ഫുള്ളില്‍ നിന്നു 3 ലാര്‍ജ്ജും മോന്തി പാഴ്‌സല്‍ വാങ്ങിപ്പിച്ച പൊതിയുടെ പങ്കും കഴിച്ച് ഉച്ചമയക്കത്തിനു കയറിയ സമയത്താണീ കോള്‍ വരുന്നത്. സത്യത്തില്‍ എണീറ്റു പോകന്‍ നല്ല മടി തോന്നി. കൂടാതെ നല്ല ഫിറ്റും. വിളിച്ച ആള്‍ അത്രയ്ക്കു അടുത്ത സുഹൃത്തായതിനാല്‍ പോകാതിരിയ്ക്കാനും വയ്യ. തല നേരെ നില്‍ക്കുന്നില്ല.
എങ്കിലും ക്യാമറയുമെടുത്ത് മോര്‍ച്ചറിയിലേയ്ക്കു പോയി. ഞാന്‍ ചെല്ലുമ്പോള്‍ വഴി നിറയെ വലിയ കാറുകള്‍ കിടക്കുന്നു. മോര്‍ച്ചറിയുടെ പരിസരം നിറയെ ആളുകള്‍. ആരോ വന്‍ തോക്കാണു മരിച്ചിരിയ്ക്കുന്നത്. പോലീസുകാര്‍ വരാന്‍ കാത്തു നില്‍ക്കുകയാണ് എല്ലാരും. കാത്തിരിപ്പിനൊടുവില്‍ പോലീസ് വന്നു മോര്‍ച്ചറി തുറന്നു. കൂടി നിന്നിരുന്നവര്‍ ബോഡി കാണാനായി തിക്കിത്തിരക്കുന്നു. ഞാനല്‍പ്പം മാറി നിന്നു. തിരക്കുണ്ടാക്കിയവരെ എല്ലാം വെളിയിലിറക്കി എന്നെ അകത്തേക്കു വിളിപ്പിച്ചു. ഒരു നിമിഷം മോര്‍ച്ചറിയുടെ സിമന്റ് ടേബിളില്‍ കിടക്കുന്ന ശരീരം കണ്ടു ഞെട്ടി പ്പോയി. എനിയ്ക്കു നന്നായി അടുത്തറിയാവുന്ന അതി സുന്ദരിയായിരുന്ന വലിയ സമ്പത്തുള്ളൊരു വീട്ടിലെ സ്ത്രീ.
മിക്കപ്പോഴും ചില്ലിട്ട കാറിന്റെ ബേക്ക് സീറ്റില്‍ നിറഞ്ഞിരുന്നു പോകുന്ന ഈ സൗന്ദര്യ ധാമത്തെ നോക്കി നിന്നു പോയിട്ടുണ്ട്. പുറത്തിറങ്ങി കടകളിലും മറ്റും കയറുന്ന അവസരങ്ങളില്‍ അവരറിയാതെ പിന്‍തുടര്‍ന്നു അടുത്തു പോയി നിന്നു ആ സൗന്ദര്യം ആസ്വദിച്ചിട്ടുണ്ട്. അവരടിച്ചിരിയ്ക്കുന്ന സെന്റിന്റെ മണം മൂക്കില്‍ വലിച്ചു കയറ്റി എത്രയോ ദിവസങ്ങളില്‍ അവരെയോര്‍ത്തു സ്വയം ഭോഗം ചെയ്തിട്ടുണ്ട്. ആ സ്ത്രീ എന്റെ മുന്നില്‍ തുറിച്ച കണ്ണുകളോടെ വിറങ്ങലിച്ചു കിടക്കുന്നു. തലേന്നു രാവിലെ വീട്ടില്‍ ആരുമില്ലാതിരുന്ന നേരത്ത് തൂങ്ങി മരിയ്ക്കുകയായിരുന്നു.
ഇപ്പോള്‍ നേരത്തോട് നേരം കഴിഞ്ഞിരിയ്ക്കുന്നു. കുറച്ച് നേരത്തേയ്ക്ക് എനിയ്ക്ക് ഹൃദയം സ്തംഭിയ്ക്കും പോലെ തോന്നി. പോലീസുകാര്‍ കതകടച്ച് ഇന്‍ക്വസ്റ്റ് തുടങ്ങിയിരിക്കുന്നു. പ്രാഥമിക പരിശോധ്‌നകള്‍ക്കു ശേഷം വസ്ത്രങ്ങള്‍ നീക്കം ചെയ്ത് ബോഡി പരിശോധനയാരംഭിച്ചു. എത്രയോ ദിവസങ്ങങളില്‍ ഞാന്‍ കാണാന്‍ കൊതിച്ചിരുന്ന ശരീരം നാക്കു കടിച്ചു കണ്ണു തുറിച്ചു വായില്‍ നിന്നും ഒലിച്ചിറങ്ങി ഉണങ്ങിപ്പിടിച്ച ചോരത്തുള്ളികളോടെ എന്റെ മുന്നില്‍ പൂര്‍ണ്ണ നഗ്‌നമായി കിടക്ക്കുന്നു.
ജീവിതത്തില്‍ മുന്‍പൊരിയ്ക്കലും ഉണ്ടായിട്ടില്ലാത്തൊരു മാനസികാവസ്ഥയിലൂടെ കടന്നു പോവുകയാണ്. അടിച്ച റമ്മിന്റെ കിക്കെല്ലാം ആവിയായിപ്പോയിരിക്കുന്നു. ശരീരം തണുത്തുറയുന്ന പോലെ… യാന്ത്രികമായി പടങ്ങളെടുത്തു കൊണ്ടിരുന്നു…. മലര്‍ത്തി കിടത്തിയുള്ള പരിശോധനകള്‍ക്കു ശേഷം ബോഡി തിരിച്ചു കിടത്തി പരിശോധിയ്ക്കുന്നതിനായി ശ്രമം തുടങ്ങി…നല്ല ഭാരമുള്ള മൃതദേഹം തിരിച്ചു കിടത്താനായി സഹായിയ്ക്കാന്‍ എന്നോട് അഡീഷണല്‍ എസ് ഐ പറഞ്ഞതനുസരിച്ച് തോള്‍ഭാഗം പിടിച്ചുയര്‍ത്തി കമഴ്ത്തിയിട്ടു. ചില നിമിഷങ്ങള്‍… നാക്കു കടിച്ചു മുറിച്ചു വായില്‍ കെട്ടിനിന്നിരുന്ന ദുഷിച്ച രക്തം പുറത്തേക്കൊഴുകി വീണു.
സഹിയ്ക്കാന്‍ പറ്റാത്ത രൂക്ഷ ഗന്ധം തല ഭാഗത്തു നിന്നിരുന്ന എന്റെ മൂക്കിലേയ്ക്കിടിച്ചു കയറി.
പിടിവിട്ട് അടുത്ത മുറിയിലേ വാഷ് ബെയിസനിലേക്ക് ഓടി… കുടല്‍ പുറത്തു വരുന്നത്ര ശക്തിയില്‍ ശര്‍ദ്ധിച്ചു. കണ്ണു ചുമന്നു ശ്വാസം മുട്ടി. മൂക്കു പൊത്തിക്കൊണ്ട് വേഗം പരിശോധന നടത്തി പോലീസുകാരും ഇറങ്ങിപ്പോയി. അറ്റന്ററുടെ റൂമില്‍ കിടന്ന ഒരു തോര്‍ത്തു കൊണ്ട് മൂക്കു കെട്ടിക്കൊണ്ട് ബാക്കി പടങ്ങളെടുത്ത് പുറത്തേക്കിറങ്ങുമ്പോളേക്കും ബോഡി വെട്ടിപ്പൊളിയ്ക്കാനുള്ള ആയുധങ്ങളുമായി അറ്റന്ററന്മാര്‍ എത്തിയിരുന്നു. എത്രയോ കാലം എന്നെ മോഹിപ്പിച്ചിരുന്നൊരു ശരീരം ഇപ്പോള്‍ എന്നെ ഓടിയകലാന്‍ പ്രേരിപ്പിയ്ക്കുന്നു. ഇത്രയേ ഒള്ളൂ ശരീരത്തിന്റെ നശ്വരത. ഫോട്ടോഗ്രാഫറായ ശേഷം ഇതുപോലെ ദുര്‍മ്മരണപ്പെട്ട നിരവധി മൃതശരീരങ്ങളുടെ പടങ്ങളെടുക്കാന്‍ പോകേണ്ടി വന്നിട്ടുണ്ട്.
ചിലപ്പോളൊക്കെ മരണം നടന്ന സ്‌പോട്ടുകളില്‍ പോയി എടുക്കാറുണ്ട്. പല രീതികളില്‍ ആത്മഹത്യ ചെയ്തവരും അപക്ടങ്ങളില്‍ പെട്ടു മരിച്ചവരും കൊല ചെയ്യപ്പെട്ടവരുമൊക്കെയായി അനേകം പേരുടെ ചൂടു വിട്ടുമാറാത്തതും അഴുകിയതും പുഴുവരിച്ചതുമൊക്കെയായ ശവശരീരങ്ങളുടെ ചിത്രങ്ങളെടുക്കാന്‍ പോയി നിന്നു മരണത്തിന്റെ തണുപ്പ് ദാ ഇത്ര തൊട്ടടുത്തു നിന്നു അനുഭവിച്ചറിഞ്ഞിട്ടുണ്ട്.
ശ്വസിച്ചറിഞ്ഞിട്ടുണ്ട്.
ഞാന്‍ ഞാന്‍ എന്ന അഹം ഭാവത്തോടെ നമ്മളീ ചുമന്നു കൊണ്ടു നടക്കുന്ന ശരീരം ഒരു നിമിഷം മതി വെറും ജഡമായി മാറാന്‍. മണിക്കൂറുകള്‍ കഴിഞ്ഞാല്‍ വാടയടിച്ചു തുടങ്ങും. പിന്നെ പതിയെ പുഴുക്കള്‍ മുളയ്ക്കും നമുക്കേറ്റവും പ്രിയപ്പെട്ടവരെന്നും ഒരിയ്ക്കലും വിട്ടു പോകില്ലെന്നും കരുതിയിരുന്നവര്‍ പോലും ദുര്‍ഗ്ഗന്ധം താങ്ങാനാവാതെ അകന്നു പോകും. ചില നിമിഷങ്ങള്‍ കൊണ്ട് വെറും നശ്വരമായി മാറാവുന്ന ഈ ശരീരം കൊണ്ടാണു നാം അഹങ്കരിയ്ക്കുന്നതെന്നും ഈ വെട്ടിപ്പിടിയ്ക്കുന്ന തൊന്നും അവസാനയാത്രയില്‍ കൂടെ കൊണ്ടു പോകാനാകില്ല എന്നുമുള്ള തിരിച്ചറിവു ശരിയ്ക്കുമുണ്ടായാല്‍ നമുക്കുള്ളിലെ അഹം ഇല്ലാതാകുന്നു.
പണത്തിനും സ്റ്റാറ്റസിനും സ്ഥാനമാനങ്ങള്‍ക്കുമൊക്കെ വേണ്ടിയുള്ള ഈ ഓട്ടങ്ങളൊക്കെയും വെറും വൃഥാവിലാണു സഖാ…ദൈവം തീരുമാനിയ്ക്കുന്ന ആയുസിനപ്പുറം നീ കുന്നു കൂട്ടുന്ന ഒന്നിനും നിന്റെ ജീവന്‍ ഈ ഭൂമിയില്‍ ശാശ്വതമായി പിടിച്ചു നിര്‍ത്താനാവില്ല. ജീവിച്ചിരിക്കും കാലം സഹജീവികള്‍ക്കുതകും വിധം ജീവി്ക്കാന്‍ ശ്രമിയ്ക്കൂ…കുറച്ചുപേരുടെ പ്രാര്‍ത്ഥനയെങ്കിലും കൂടെയുംണ്ടാകും…
ബാക്കിയെല്ലാം ഒരുനാള്‍ മണ്ണടിയും. പിന്നെന്തിനു വേണ്ടിയാണു ജാതിയും മതവും രാഷ്ട്രീയവും വിശ്വാസവുമൊക്കെ പറഞ്ഞു കൊണ്ടു പരസ്പരമുള്ള ഈ പോര്‍ വിളികള്‍. ജീവിതമെന്തെന്നു പഠിപ്പിച്ചു തരാന്‍ പുസ്തകങ്ങള്‍ക്കാവില്ല.അതിനു ജീവിച്ചു തീര്‍ത്ത അനുഭവങ്ങള്‍ തന്നെ വേണം