
കൊൽക്കത്ത(big14news.com): സഞ്ജു സാംസൻ രക്ഷകനായി അവതരിച്ചപ്പോൾ ജമ്മു കശ്മീരിനെതിരായ രഞ്ജി ട്രോഫി മൽസരത്തിൽ കേരളം ഭേദപ്പെട്ട നിലയിൽ. സെഞ്ചുറി (129) നേടി പുറത്താകാതെ നിൽക്കുന്ന സഞ്ജുവിന്റെ ബാറ്റിങ് മികവിൽ ആദ്യ ദിനം കളിനിർത്തുമ്പോൾ കേരളം ഏഴു വിക്കറ്റ് നഷ്ടത്തിൽ 263 റൺസ് എടുത്തിട്ടുണ്ട്. ആറു റൺസുമായി മനു കൃഷ്ണനാണ് സഞ്ജുവിന് കൂട്ട്. സഞ്ജുവിന് പുറമേ, ഓപ്പണർ ജലജ് സക്സേനയ്ക്കു (69) മാത്രമേ കേരള നിരയിൽ അൽപ്പമെങ്കിലും പിടിച്ചു നിൽക്കാൻ കഴിഞ്ഞുള്ളൂ.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന്റെ തുടക്കം തകർച്ചയോടെയായിരുന്നു. ആറിന് 168 എന്ന നിലയിൽ തകർന്ന കേരളത്തെ സഞ്ജുവും മോനിഷും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനമാണ് ഭേദപ്പെട്ട നിലയിലെത്തിച്ചത്. ഏഴാം വിക്കറ്റിൽ ഇരുവരും ചേർന്ന് 75 റൺസാണ് കൂട്ടിച്ചേർത്തത്. സ്കോർ 243ൽ എത്തിയപ്പോഴാണ് 14 റൺസെടുത്ത മോനിഷ് മടങ്ങിയത്.
ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനലിലെത്തുക എന്ന ലക്ഷ്യവുമായാണ് കേരള ടീം പുതിയ ക്രിക്കറ്റ് സീസണ് തുടക്കം കുറിച്ചിരിക്കുന്നത്. എന്നാൽ ബാറ്റിങ്ങിൽ നേരിട്ട തകർച്ച ബോളിങ്ങിൽ പരിഹരിച്ചില്ലെങ്കിൽ ആദ്യ ഇന്നിങ്സിൽ ലീഡ് നേടാൻ കേരളത്തിന് കഴിയില്ല.
ഹൈദരാബാദ്, ഹരിയാന, ഹിമാചൽപ്രദേശ്, ത്രിപുര, സർവീസസ്, ഗോവ, ആന്ധ്ര, ഛത്തീസ്‌ഗഡ് ടീമുകൾ കൂടി ഉൾപ്പെട്ട ഗ്രൂപ്പ് സിയിലാണ് കേരളം. ഈ വർഷം മുതൽ രഞ്ജി ട്രോഫി മൽസരങ്ങളെല്ലാം നിഷ്പക്ഷ വേദികളിലായതിനാൽ കേരളം ഉൾപ്പെടെ ഒരു ടീമിനും സ്വന്തം നാട്ടിൽ ഒരു മൽസരം പോലും കളിക്കാൻ അവസരമില്ല.
ലീഗ് അടിസ്ഥാനത്തിലുള്ള ഗ്രൂപ്പ് മൽസരത്തിൽ സി ഗ്രൂപ്പിലെ ആദ്യ രണ്ടു സ്ഥാനക്കാർ ക്വാർട്ടർ ഫൈനലിലെത്തും. കൂടുതൽ മികച്ച ടീമുകൾ ഉൾപ്പെട്ട എ, ബി ഗ്രൂപ്പുകളിൽ നിന്ന് മൂന്നു ടീമുകൾ വീതമാണ് ക്വാർട്ടറിലെത്തുക. സി ഗ്രൂപ്പിൽ കേരളത്തിന്റെ മറ്റു മൽസരങ്ങൾ ഇങ്ങനെ. എതിരാളി, മൽസരം ആരംഭിക്കുന്ന തീയതി, മൽസര വേദി എന്ന ക്രമത്തിൽ. ഹിമാചൽ പ്രദേശ്– ഒക്ടോബർ 13 (കൊൽക്കത്ത), ഹൈദരാബാദ് – ഒക്ടോബർ 20 (ഭുവനേശ്വർ), ഛത്തീസ്‌ഗഡ്–ഒക്ടോബർ 27 (റാഞ്ചി), ഹരിയാന–നവംബർ 5 (ജയ്‌പൂർ), ഗോവ–നവംബർ 13 (മുംബൈ), ആന്ധ്ര–നവംബർ 21 (ഗുവാഹത്തി), ത്രിപുര–നവംബർ 29(കട്ടക്ക്), സർവീസസ്–ഡിസംബർ 7 (ന്യൂഡൽഹി).