ചണ്ഡിഗഡ്: പബ്ജി ഗെയിം കളിച്ച് 17കാരന്‍ നഷ്ടപ്പെടുത്തിയത് 16 ലക്ഷം രൂപ. പഞ്ചാബിലാണ് സംഭവം. മാതാപിതാക്കളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നാണ് 16 ലക്ഷം രൂപ പബ്ജി കളിക്കാനായി പതിനേഴുകാരന്‍ ഉപയോഗിച്ചത്. ആര്‍ട്ടിലറി, ടൂര്‍ണമെന്റുകള്‍ പാസാകല്‍, പീരങ്കികള്‍ അടക്കമുള്ള ഇന്‍ ആപ് ഐറ്റംസിനായാണ് ഇത്രയും തുക വിനിയോഗിച്ചത്.
ഒരു മാസത്തിനിടെയാണ് പണം നഷ്ടമായത്. ഫോണില്‍ കുട്ടിയുടെ പിതാവിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ സേവ് ചെയ്തിരുന്നു. ഇത് ഉപയോഗിച്ചാണ് കുട്ടി സാധനങ്ങള്‍ വാങ്ങിയതെന്ന് ടൈംസ് നൗ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അമ്മയുടെ അക്കൗണ്ടില്‍ നിന്നും ഇതിനായി പണം ചെലവഴിച്ചു. പണം പിന്‍വലിച്ചപ്പോള്‍ ബാങ്കില്‍ നിന്നും ലഭിച്ച സന്ദേശങ്ങള്‍ കുട്ടി ഡിലീറ്റ് ചെയ്തിരുന്നു.
അക്കൗണ്ടിലെ പണം മുഴുവന്‍ നഷ്ടമായതോടെയാണ് മാതാപിതാക്കള്‍ വിവരമറിഞ്ഞത്. ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാനെന്ന് പറഞ്ഞാണ് പതിനേഴുകാരനായ വിദ്യാര്‍ഥി മാതാപിതാക്കളുടെ ഫോണ്‍ ഉപയോഗിച്ചിരുന്നത്. അമ്മയുടെ പിഎഫ് പണമാണ് അക്കൗണ്ടിലുണ്ടായിരുന്നത്.
കുട്ടി ഒരു അക്കൗണ്ടില്‍ നിന്നും മറ്റൊരു അക്കൗണ്ടിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്തിരുന്നു. അമ്മയുടെ ഫോണില്‍ നിന്നാണ് കുട്ടി ഇടപാടുകള്‍ നടത്തിയിരുന്നതെന്നും കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. പിതാവിന്റെ ചികിത്സയ്ക്കും അവന്റെ പഠനത്തിനുമായും മാറ്റിവെച്ച തുകയാണ് നഷ്ടമാക്കിയതെന്ന് മാതാപിതാക്കള്‍ പറഞ്ഞു.