
കണ്ണൂര്‍ ( big14news.com ): സംഘ്പരിവാര്‍ സംഘടനകള്‍ അഴിഞ്ഞാടുന്ന ഗുജറാത്തില്‍ പട്ടികജാതി, മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്ക് രക്ഷയില്ലെന്ന് ഉന സംഭവത്തില്‍ ഇരയായ വാസവ റാം ഭായ് സര്‍വയ്യ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പശുവിനെ കൊന്നുവെന്നാരോപിച്ച് ഗോരക്ഷാസേന നഗ്നരാക്കി കെട്ടിയിട്ട് മര്‍ദിച്ച സംഭവത്തിന്റെ ഭയം വിട്ടുമാറാതെയാണ് ഇരകളായവര്‍ കണ്ണൂരിലെ പട്ടികജാതിക്ഷേമ സമിതിയുടെ സ്വാഭിമാന്‍ സംഗമത്തിനെത്തിയത്.
കേന്ദ്രത്തില്‍ ബി.ജെ.പി അധികാരത്തില്‍ എത്തിയതോടെയാണ് ദലിതര്‍ക്കും ന്യൂനപക്ഷ ആദിവാസി വിഭാഗങ്ങള്‍ക്കുമെതിരേ ആര്‍.എസ്.എസ് ക്രൂരമായ ആക്രമണങ്ങള്‍ അഴിച്ചുവിടുന്നത്. ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ന് ഗ്രാമം വിട്ടൊഴിയേണ്ട അവസ്ഥയാണ്.
ഗുജറാത്ത് മോഡല്‍ എന്ന് പറഞ്ഞുനടക്കുന്ന പ്രധാനമന്ത്രി പൊതുജനത്തിന് മുന്നില്‍ നാടകം കളിക്കുകയാണ്.
സര്‍ക്കാര്‍ കുറ്റവാളികള്‍ക്കെതിരേ നടപടിയെടുക്കുമെന്ന് പറയുന്നതല്ലാതെ ആര്‍ക്കെതിരേയും എഫ്.ഐ.ആര്‍ പോലും രേഖപ്പെടുത്താനായിട്ടില്ല. ഗുജറാത്തില്‍ പട്ടിക ജാതി, മുസ്ലിം വിഭാഗങ്ങള്‍ക്കായി സര്‍ക്കാര്‍ ഒരുപദ്ധതിപോലും നടപ്പിലാക്കുന്നില്ല. ഗോരക്ഷാസേനയുടെ ആക്രമണത്തില്‍ അയൂബ് എന്ന യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ ഇതുവരെയും നടപടിയെടുത്തിട്ടില്ല.
പട്ടിക ജാതി വിഭാഗക്കാര്‍ക്ക് ഇന്നും അമ്ബലങ്ങളില്‍ സന്ദര്‍ശിക്കാന്‍ അനുവാദമില്ലെന്നും ബി.ജെ.പി സവര്‍ണസമുദായത്തെ മാത്രമാണ് ഗുജറാത്തില്‍ ജീവിക്കാന്‍ അനുവദിക്കുന്നതെന്നും ഉനയിലെ സോഷ്യല്‍ യൂനിറ്റി ആന്‍ഡ് എവേര്‍ണസ് ഫോറം സൊസൈറ്റി പ്രസിഡന്റ് കേവല്‍ സിങ് റാത്തോട് പറഞ്ഞു. ഉനയില്‍ നിന്നുള്ള ഖലീം സിദ്ധിഖി, സഹീര്‍ റൂബി എന്നിവരും കണ്ണൂരില്‍ എത്തിയിരുന്നു.