ജിഷ വധക്കേസ്: കുറ്റപത്രം സമര്‍പ്പിച്ചു

Share on Facebook
Tweet on Twitter

കേരളം(big14news.com): പെരുമ്പാവൂരില്‍ ദളിത് നിയമവിദ്യാര്‍ത്ഥിനി ജിഷ ക്രൂരമായി കൊല്ലപ്പെട്ട കേസില്‍ പ്രതിക്കെതിരെ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണു കുറ്റപത്രം സമര്‍പ്പിച്ചത്. അന്യ സംസ്ഥാന തൊഴിലാളിയായ പ്രതി അമിറുള്‍ ഇസ്ലാമിനെ മാത്രമാണ് പ്രതിപ്പട്ടികയില്‍ ചേര്‍ത്തിരിക്കുന്നത്.

ലൈംഗികവൈകൃത സ്വഭാവമുള്ള അമിറുള്‍ ഇസ്ലാം ആരുമില്ലാത്ത അവസരത്തില്‍ വീട്ടില്‍ അതിക്രമിച്ചു കയറി ജിഷയെ ക്രൂര പീഡനത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. കൊലപാതകം, മാനഭംഗം, ദളിത് പീഡനം എന്നീ കുറ്റങ്ങളാണ് അമിറുളിനെതിരെ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ ഏപ്രില്‍ 28ന് പെരുമ്പാവൂര്‍ കുറുംപ്പംപടി വട്ടോളിപ്പടിയിലെ കനാല്‍ ബണ്ടിനോടു ചേര്‍ന്ന അടച്ചുറപ്പില്ലാത്ത വീട്ടില്‍ വച്ചാണു ജിഷ കൊല്ലപ്പെട്ടത്.

പൊലീസിനെയും രാഷ്ട്രീയ നേതൃത്വത്തിനെയും വിവാദച്ചുഴിയില്‍ നിര്‍ത്തിയ സംഭവങ്ങള്‍ക്കൊടുവിലാണ് പ്രതി അമീറുല്‍ ഇസ്ലാം എന്ന അസംകാരന്‍ പിടിയിലായത്. സൗമ്യ വധക്കേസില്‍ സുപ്രീം കോടതിയില്‍ നിന്നുമുണ്ടായ തിരിച്ചടി ആവര്‍ത്തിക്കാതിരിക്കാന്‍ കുറ്റമറ്റതരത്തിലുള്ള കുറ്റപത്രമാണ് തയ്യാറാക്കിയിരിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു.
കൊലപാതകസമയത്തു ജിഷ ധരിച്ചിരുന്ന വസ്ത്രത്തില്‍ പുരണ്ട ഉമിനീരില്‍നിന്ന് അമീറിന്റെ ഡിഎന്‍എ വേര്‍തിരിക്കാനായതാണു പ്രധാനനേട്ടമായി അന്വേഷണ സംഘം വിലയിരുത്തുന്നത്.

SHARE
Facebook
Twitter
Previous articleഎം എസ് എഫ് ജില്ലാ പ്രതിനിധി സമ്മേളനം: ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു
Next articleകാസറഗോഡ് മണ്ഡലത്തില്‍ പഞ്ചായത്ത് തല മുസ്ലിം ലീഗ് മെമ്പര്‍ഷിപ്പ് ക്യാംമ്പയിന് തുടക്കമായി