മാലോത്ത് കസബ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തുടര്‍ച്ചയായി സ്‌കൂളിലെത്താത്ത കുട്ടികളെ തേടി അധ്യാപകര്‍ മല കയറി

0
Share on Facebook
Tweet on Twitter

കാസര്‍ഗോഡ്(big14news.com): മാലോത്ത് കസബ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപകര്‍ നേരിടുന്ന പ്രധാന വെല്ലുവിളി തുടര്‍ച്ചയായി കുട്ടികള്‍ ക്ലാസിലെത്തുന്നില്ല എന്നതാണ്. പടയങ്കല്ല്, ഇടക്കാനം, പുഞ്ച, മാന്റില പാമാത്തട്ട്, വാഴത്തട്ട് , കാര്യോട്ടുച്ചാല്‍ തുടങ്ങി ഇരുപത്തിമൂന്നോളം എസ്.ടി കോളനികളില്‍ നിന്നുള്ളവരാണ് സ്‌കൂളിലെ 47 % വരുന്ന കുട്ടികള്‍. ഇവരില്‍ പലര്‍ക്കും പ്രതിദിനം 15 കി മീറ്ററോളം ദൂരം കാല്‍ നടയായി നടന്ന് വേണം സ്‌കൂളിലെത്തി തിരിച്ചു പോകാന്‍. ജീപ്പ് സര്‍വ്വീസിസുള്ളതില്‍ കയറണമെങ്കില്‍ പ്രതിദിനം 40 രൂപ വരെ മുടക്കേണ്ടതുണ്ട് .

കുട്ടികളെ സ്‌കൂളിലെത്തിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായും ചെയ്യേണ്ടത്‌ വാഹനം ഏര്‍പ്പെടുത്തുക എന്നുള്ളത് തന്നെയാണ്. ജനപ്രതിനിധികളും വകുപ്പ് മേധാവികളും കൂട്ടായി ആലോചിച്ചു 34 ജീപ്പുകള്‍ സ്‌കൂളിനായി അനുവദിക്കുകയും ഡ്രൈവര്‍, ഇന്ധനം, സര്‍വ്വീസ് എന്നിവക്കുള്ള തുക അനുവദിക്കുകയും ചെയ്യണമെന്നാണ് പ്രധാന ആവശ്യം.

പത്താം തരം പാസായ 7 കുട്ടികള്‍ പ്ലസ് വണ്ണിനു ചേരാതെ കോളനിയില്‍ അലഞ്ഞു നടക്കുകയാണ്. ഇവരുടെ പ്രവേശനം ഉറപ്പുവരുത്താന്‍ അധികൃതര്‍ക്ക് അപേക്ഷ നല്‍കി കാത്തിരിക്കുകയാണിപ്പോള്‍. കർണാടക വനാതിര്‍ത്തിയോടു ചേര്‍ന്നുള്ള പടയങ്കല്ല് ,പുഞ്ച തുടങ്ങിയ കോളനികളില്‍ കാട്ടാനയുടെ ശല്യവും കോളനി നിവാസികളുടെ സമാധാനം കെടുത്തുന്നു.