
ന്യൂയോര്‍ക്ക്(big14news.com): ലോകത്ത് ആദ്യമായി തല മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്താനൊരുങ്ങുകയാണ് ഇറ്റാലിയന്‍ ന്യൂറോ സര്‍ജ്ജന്‍ ഡോ. സെര്‍ജിയോ കനാവെറോ, റഷ്യക്കാരനായ വലേറി സ്പിരിദോനോവ് തന്റെ തല മാറ്റി വയ്ക്കാന്‍ തയ്യാറായി രംഗത്തെത്തിക്കഴിഞ്ഞു. കമ്പ്യൂട്ടര്‍ പ്രോഗ്രാമറായ വലേറി, വെര്‍ഡിങ് ഹോഫ്മാന്‍ എന്ന ജനിതക രോഗ ബാധിതനാണ് ഇദ്ദേഹം.
ശരീരത്തിലെ പേശികളും ഞരമ്പ് കോശങ്ങളും നശിക്കുന്ന രോഗമാണിത്. വീല്‍ ചെയറില്‍ കഴിയുന്ന 31 കാരനായ വലേറിയുടെ ശരീരം നാള്‍ക്കുനാള്‍ ശോഷിച്ചു വരികയാണ്. ഈ സ്ഥിതിയില്‍ ശരീരം മാറ്റുക എന്നത് മാത്രമാണ് തന്റെ മുന്നിലുള്ള മാര്‍ഗ്ഗം എന്നാണ് അദ്ദേഹം പറയുന്നത്. അതു കൊണ്ടാണ് ഇത്തരമൊരു ശസ്ത്രക്രിയയ്ക്ക് തയ്യാറായതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
ഇറ്റാലിയന്‍ ഡോക്ടറായ സെര്‍ജിയോ കനാവെറോയോടൊപ്പം ചൈനീസ് സര്‍ജ്ജന്‍ സിയാവോ പിങ്ങ് റെന്നും ചേര്‍ന്നാണ് ശസ്ത്രക്രിയ നടത്തുകയെന്നാണ് റിപ്പോര്‍ട്ട്. തല മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയിട്ടുള്ളവരാണ് ഇവര്‍ രണ്ടു പേരും. എന്നാല്‍ മനുഷ്യരിലല്ല, മൃഗങ്ങളിലാണെന്നു മാത്രം.
കുരങ്ങില്‍ തല മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയിട്ടുള്ള ആളാണ് കനാവെറോ. ഈ ശസ്ത്രക്രിയ വിജയമായിരുന്നെന്നാണ് കനാവെറോ വെളിപ്പെടുത്തിയത്. എന്നാല്‍ വൈദ്യശാസ്ത്രം ഇക്കാര്യം സ്ഥിതീകരിച്ചിട്ടില്ല. എലികളിലും കനാവെറോ തല മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയിട്ടുണ്ട്. കൈമാറ്റ ശസ്ത്രക്രിയ നടത്തിയിട്ടുള്ള ആളാണ് സിയാവോ പിങ്ങ്. പന്നികളുടെ കൈകാലുകള്‍ മാറ്റി വെച്ചാണ് അദ്ദേഹം ഇതില്‍ പരിചയം നേടിയത്.
മസ്തിഷ്‌ക മരണം സംഭവിച്ച ഒരാളുടെ ശരീരത്തിലേയ്ക്ക് വലേറി സ്പിരിദോനോവിന്റെ തല മാറ്റിവയ്ക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി വലേറിയുടെ തലയുമായി യോജിക്കുന്ന ശരീരം കിട്ടേണ്ടതുണ്ട്. വലേറിയുടെ ശിരസ്സ് പത്ത് ഡിഗ്രി സെല്‍ഷ്യസില്‍ തണുപ്പിച്ച ശേഷമാകും ശസ്ത്രക്രിയ. തലയിലെ കോശങ്ങള്‍ നശിക്കാതിരിക്കുന്നതിനാണ് ഇത്.തല മുറിക്കുന്നതിന് ഉപയോഗിക്കുന്നത് സുതാര്യമായ വജ്രക്കത്തിയാണ്.
തല മാറ്റി സ്ഥാപിക്കുന്നതിന് പ്രത്യേക ക്രയിനാണ് ഉപയോഗിക്കുക. സുഷുമ്‌നകള്‍ കൂട്ടിച്ചേര്‍ക്കാന്‍ പോളി എത്തിലിന്‍ ഉപയോഗിക്കും. സ്‌പൈനല്‍ കോഡിന്റെയും നാഡികളുടെയും പ്രവര്‍ത്തനം നിലനിര്‍ത്തുന്നതിന് ഇലക്ട്രോഡുകള്‍ ഉപയോഗിക്കും. ശസ്ത്രക്രിയയ്ക്ക് ശേഷം മൂന്ന്-നാല് ആഴ്ചകള്‍ വലേറി കോമ അവസ്ഥയിലായിരിക്കും. ശസ്ത്രക്രിയ വിജയിക്കാന്‍ 90 ശതമാനം സാധ്യതയുണ്ടെന്നന്നാണ് ഡോ. കനാവെറോ പറയുന്നത്. 150 വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ശസ്ത്രക്രിയയ്ക്കായി വേണ്ടി വരും. അറുപത് കോടി മുതല്‍ അറുനൂറ് കോടി രൂപ വരെ ഇതിനായി ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്.