
സംസ്ഥാനത്ത് കനത്ത മഴ മൂലമുണ്ടായ ദുരന്തത്തിൽ മരണപ്പെട്ട മലപ്പുറം സ്വദേശി അബ്‍ദുല്‍ റസാഖിന്റെ കുടുംബത്തിന് സഹായവുമായി മോഹൻലാൽ. അബ്‍ദുള്‍ റസാഖിന്റെ രണ്ട് മക്കളുടെയും വിദ്യാഭ്യാസച്ചെലവുകള്‍ ഏറ്റെടുക്കുമെന്ന് മോഹൻലാലിന്റെ വിശ്വശാന്തി ഫൌണ്ടേഷൻ ഡയറക്ടര്‍ മേജര്‍ രവി അറിയിച്ചു.
വെള്ളക്കെട്ടില്‍ വീണ സഹോദരന്റെ മക്കളെ രക്ഷിക്കാൻ ശ്രമിക്കുമ്പോഴായിരുന്നു അബ്‍ദുല്‍ റസാഖിന്റെ മരണം. കുട്ടികളെ രക്ഷപ്പെടുത്തിയ ശേഷം അബ്‍ദുല്‍ റസാഖ് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.അബ്‍ദുല്‍ റസാഖിന്റെ മൂത്ത മകൻ പതിനൊന്നാം ക്ലാസ്സിലും രണ്ടാമത്ത മകൻ ഒമ്പതാം ക്ലാസ്സിലുമാണ് പഠിക്കുന്നത്. ഇവരുടെ ഡിഗ്രി വരെയുള്ള പഠന ചിലവുകളാണ് മോഹൻലാലിന്റെ വിശ്വശാന്തി ഫൌണ്ടേഷൻ ഏറ്റെടുക്കുക. അടിയന്തര സാമ്പത്തിക സഹായമായി ഒരു ലക്ഷം രൂപയുടെ ചെക്കും നല്‍കി. രണ്ടു കുട്ടികളുമായും മോഹൻലാല്‍ ഫോണില്‍ വഴി സംസാരിക്കുകയും ചെയ്‍തു.
മഴ ദുരിതത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച ലിനുവിന്റെ കുടുംബത്തിന്റെ വീട് നിര്‍മിച്ച് നല്‍കുമെന്നും വിശ്വശാന്തി ഫൗണ്ടേഷന്‍ അറിയിച്ചിരുന്നു. അടിയന്തര സഹായമായി ലിനുവിന്റെ അമ്മ പുഷ്‍പലതയ്‍ക്ക് ഒരു ലക്ഷം രൂപയും നല്‍കിയിരുന്നു.